ഇന്ത്യയിലെ ഒന്നാമത്തെ ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഔന്ഥ നാഗനാഥ് . മഹാരാഷ്ട്രയിലുള്ള അഞ്ച് ജ്യോതിര്‍ലിംഗങ്ങളില്‍ പ്രധാന്യമര്‍ഹിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇന്ത്യയില്‍ മൊത്തം 12 ജ്യോതിര്‍ലിംഗങ്ങളാണ് ഉള്ളത്. വനവാസക്കാലത്ത് ജ്യേഷ്ഠപാണ്ഡവനായ യുധിഷ്ഠിരനാണ് ഈ ജ്യോതിര്‍ലിംഗം പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ശിവനോടുള്ള ആരാധനയിലാണ് യുധിഷ്ഠിരന്‍ ഇവിടെ ജ്യോതിര്‍വലിംഗം പ്രതിഷ്ഠിച്ചത്. ഹേമദ്പന്തി ശൈലിയിലുള്ള നിര്‍മാണ രീതിയാണ് ഇവിടെ ക്ഷേത്രനിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
60,000 അടി സ്ഥലത്താണ് ഈ കൂറ്റന്‍ ക്ഷേത്രം വ്യാപിച്ച് കിടക്കുന്നത്. സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന് പുറക് വശത്തായാണ് ശിവവാഹനമായ നന്ദിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശിവക്ഷേത്രങ്ങളില്‍ നന്ദികേശന്റെ പ്രതിമ പിന്‍വശത്ത് സ്ഥാപിക്കുക പതിവില്ല. ഔന്ഥ നാഗനാഥിന്റെ പരിസരത്തായി മറ്റനേകം ചെറുക്ഷേത്രങ്ങള്‍ കാണാം. ദത്താത്രേയ, നീലകണ്‌ഠേശ്വര, ദശാവതാരം, വേദവ്യാസലിംഗ ഗണപതി തുടങ്ങിയ മൂര്‍ത്തികളാണ് ഇവിടെയുള്ള മറ്റ് ക്ഷേത്രങ്ങളില്‍ പ്രധാനമായും പൂജിക്കുന്നത്.
ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഔന്ഥ നാഗനാഥ്. എങ്കിലും കടുത്ത വേനല്‍ക്കാലത്ത് ഇവിടെ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഉത്തമം. കനത്ത ചൂടില്‍ ഇവിടെ ചുറ്റിനടന്നുകാണുക എളുപ്പമാവില്ല എന്നതുതന്നെ കാരണം. ഹിംഗോളി പോലുള്ള സമീപ പ്രദേശങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന തരത്തിലാണ് ഔന്ഥ നാഗനാഥിന്റെ കിടപ്പ്. ഹിംഗോളിയിലേക്ക് സന്ദര്‍ഭവശാല്‍ ഒരു യാത്ര തരപ്പെടുകയാണെങ്കില്‍ ഔന്ഥ നാഗനാഥ് സന്ദര്‍ശിക്കാന്‍ മറക്കരുത്. തീര്‍ത്ഥാടനത്തിന്റെ മനംമയക്കുന്ന മാസ്മരികത അടുത്തറിയുവാനുള്ള ഒരു സാധ്യതയാണ് ഓരോ ഔന്ഥ നാഗനാഥ് യാത്രയും.
STORY HIGHLIGHTS : Auntha Nagnath is the land of the first Jyotirlinga