ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമുള്ള നാടാണ് ജമ്മു കാശ്മീർ. ജമ്മു കാശ്മീരിലെ പ്രമുഖമായ വിനോദസഞ്ചാരകേന്ദ്രമാണ് അവന്തിപൂര്‍. രണ്ടു പ്രശസ്ത അമ്പലങ്ങളാണ് ഇവിടെയുള്ളത്. ശിവ-ആവന്തീശ്വര, ആവന്തിസ്വാമി-വിഷ്ണു എന്നീപേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ആവന്തി വര്‍മന്‍ രാജാവ് ഒമ്പതാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് ഇരു ക്ഷേത്രങ്ങളും. ശിവ -ആവന്തീശ്വര ക്ഷേത്രം സംഹാരദേവനായ ശിവനും ആവന്തി സ്വാമി വിഷ്ണു ക്ഷേത്രം സംരക്ഷണ ദേവനായ വിഷ്ണുവിനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഗ്രീക്ക് നിര്‍മാണരീതിയോട് സാദൃശ്യം പുലര്‍ത്തുന്ന നിര്‍മാണമാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്.
നാശത്തിന്‍റ വക്കിലാണ് ഈ തീര്‍ഥാടനകേന്ദ്രം ഇപ്പോള്‍. ഇവിടം ഭരിച്ചിരുന്ന സുല്‍ത്താനായ ബുത്ഷികന്‍ എന്ന പേരിലറിയപ്പെടുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ശിവക്ഷേത്രത്തില്‍ ഒരിക്കല്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ക്ഷേത്രം തകര്‍ന്നു. കൂടാതെ ഇതിന്‍റെ നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കള്‍ പ്രകൃതിക്ഷോഭത്തിന്‍റെയും കാലത്തിന്‍റെയും ആക്രമണത്തെ അതിജീവിക്കാനായില്ല. പതിയെ മണ്‍മറഞ്ഞ ഈ ക്ഷേത്രങ്ങള്‍ പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് വീണ്ടെടുത്തത്. ശ്രീനഗറിലെ ശ്രീ പ്രതാപ് സിങ് മ്യൂസിയത്തില്‍ ഇവിടെ നിന്ന് കണ്ടെടുത്ത ചില കലാവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്.
തകര്‍ച്ചയുടെ വക്കിലാണെങ്കിലും ഇവിടെയുണ്ടായിരുന്ന ദേവവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോളും കാണാം. എയര്‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം ഇവിടെയെത്താം. ശ്രീനഗര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് എയര്‍പോര്‍ട്ട്. ജമ്മു താവി റെയില്‍വേസ്റ്റേനാണ് അവന്തിപൂറിനടുത്ത റെയില്‍വേസ്റ്റേഷന്‍. അവന്തിപൂറിലേക്ക് നേരിട്ട് ബസുകളില്ലെങ്കിലും ശ്രീനഗറില്‍ ബസ്മാര്‍ഗമെത്തി അവിടെ നിന്ന് ബസിലൂടെ അവന്തിപൂരിലെത്താം. തണുത്തുറയുന്ന കാലാവസ്ഥയുള്ളതിനാല്‍ അതില്ലാത്ത ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് സന്ദര്‍ശനത്തിന് അനുയോജ്യം.
STORY HIGHLIGHTS: Awantipora The sacred land of Jammu and Kashmir