പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്.
വിദ്യാർത്ഥിനിയുമായി പരിചയം സ്ഥാപിച്ച പ്രതി ശ്രീജിത്ത് നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ ഭീഷണി ഉണ്ടായത്.
ഓട്ടോ ഡ്രൈവറായ മഹേഷിനോപ്പമെത്തിയ ശ്രീജിത്ത് പെൺകുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും കുപ്പിയില്‍ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോള്‍ കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.