ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കോളോപ്രൊക്ടോളജിയുടെ പത്താമത് ശസ്ത്രക്രിയാവിദഗ്ധരുടെ അന്തര്‍ദേശിയ സമ്മേളനം ‘വേള്‍ഡ്‌കോണ്‍ 2025’ ഏപ്രില്‍ മൂന്ന് മുതല്‍ ആറു വരെ കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്‍വന്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ കേരള ഘടകം എന്നിവ സംയുക്തമായാണ് നാലു ദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനഞ്ചോളം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള 700-ല്‍പ്പരം ശസ്ത്രക്രിയ വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഏപ്രില്‍ മൂന്നിന് രാവിലെ പത്തു മുതല്‍ സര്‍ജന്മാര്‍ക്കായി ലേസര്‍, സ്‌റ്റേപ്ലര്‍, കൊളോണോസ്‌കോപ്പി, വാഫ്റ്റ് തുടങ്ങിയ ശസ്ത്രക്രിയകളില്‍ പ്രത്യേക പരിശീലന പരിപാടി നടക്കും. വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ പരീക്ഷയില്‍ വിജയിച്ച 400ല്‍പ്പരം പേര്‍ക്ക് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കോളോപ്രൊക്ടോളജിയുടെ ഫെലോഷിപ്പ് സമ്മാനിക്കും.
ചടങ്ങില്‍ എം.ജി യൂണിവേഴ്‌സിറ്രി വി.സി ഡോ: സി.ടി അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തും. നാലാം തീയതി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എയിംസ് മുന്‍ ഡയറക്ടര്‍ പ്രൊഫ: എം.സി മിശ്ര, അസോസിയേഷന്‍ ഓഫ് സര്‍ജന്‍ മുന്‍ ദേശിയ അധ്യക്ഷന്‍ ഡോ. സി.പളനി വേലു, സെന്‍സി മുന്‍ അധ്യക്ഷനും പ്രമുഖ കാന്‍സര്‍ സര്‍ജനുമായ ഡോ. ഷൈലേഷ് പുന്‍താംബേക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം മേധാവിയും വേള്‍ഡ് കോണ്‍ രക്ഷാധികാരിയുമായ ഡോ. ആര്‍ പത്മകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ എ.എസ്.ഐ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഇസ്മായില്‍, ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, ഐ.എസ്.സി.പി ദേശീയ അദ്ധ്യക്ഷന്‍ ഡോ.പ്രശാന്ത് രാഹത്തെ, സെക്രട്ടറി ഡോ. എല്‍.ലഡുകര്‍, ട്രഷറര്‍ ഡോ. ശാന്തി വര്‍ധിനി, വേള്‍ഡ് കോണ്‍ ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ.മധുകരാ പൈ, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.റിസന്‍ രാജന്‍, വിപിഎസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടര്‍ അഡ്വ. എസ്.കെ അബ്ദുള്ള എന്നിവര്‍ സംസാരിക്കും.
വേള്‍ഡ് കോണിന്റെ ഭാഗമായി 4,5,6 തീയതികളില്‍ സര്‍ജന്മാര്‍ക്ക് വേണ്ടി പ്രത്യേക തുടര്‍ വിദ്യാഭ്യാസ പരിപാടിയും, ശസ്ത്രക്രിയാ സംപ്രക്ഷേപണവും ഒരുക്കിയിട്ടുണ്ട്. അഞ്ചാം തീയതി മെഡിക്കല്‍ വിദഗ്ദ്ധര്‍ക്കായി മലാശയ അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും നൂതന ചികിത്സാ രീതികളും വിശദമാക്കുന്ന പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും. വേള്‍ഡ്‌കോണിനോടനുബന്ധിച്ച് ചികിത്സാ രംഗത്തെ നൂതനസാങ്കേതികവിദ്യകളും അത്യാധുനിക ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശന മേളയും അരങ്ങേറുമെന്ന് കോണ്‍ഫറന്‍സ് മാനേജര്‍ പ്രേമ്‌ന സുബിന്‍ പറഞ്ഞു. വേള്‍ഡ് കോണ്‍ രക്ഷാധികാരി ഡോ. ആര്‍ പദ്മകുമാര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. മധുകര്‍ പൈ, സെക്രട്ടറി ഡോ. റിസന്‍ രാജന്‍, കോണ്‍ഫറന്‍സ് മാനേജര്‍ പ്രേമ്‌ന സുബിന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; International Conference of Coloproctology Surgeons ‘Worldcon 2025’ to be held in Kochi from April 3rd to 6th