ആലപ്പുഴ: ഇൻസ്റ്റഗ്രാമിൽ ഗുണ്ടയുടെ പെൺസുഹൃത്തിന് ഹായ് സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിൽ യുവതിയടക്കം നാല് പ്രതികൾ പിടിയിൽ. ആലപ്പുഴ അരുക്കുറ്റി സ്വദേശി പ്രഭജിത്, അരൂർ സ്വദേശികളായ യദുകൃഷ്ണൻ, അജയ് ബാബു, ഇടക്കൊച്ചി സ്വദേശി മേരി സെലിൻ ഫെർണാണ്ടസ് എന്നിവരാണ് അറസ്റ്റിലായത്. അരൂക്കുറ്റി സ്വദേശി ജിബിൻ ആണ് ക്രൂര മർദനത്തിനിരയായത്.
ജിബിനെ തട്ടിക്കൊണ്ടുപോയി അക്രമി സംഘം കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനമേറ്റ ജിബിന്റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരിക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ജിബിൻ ഒരു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ‘ഹെലോ’ എന്ന് സന്ദേശം അയച്ചിരുന്നു. പിടിയിലായ പ്രഭിജിത്തിന്‍റെ പെൺസുഹൃത്തിനാണ് ജിബിൻ സന്ദേശം അയച്ചത്.
ഇതിന്‍റെ പ്രകോപനത്തിലാണ് അരൂക്കുറ്റി പാലത്തിൽവെച്ച് ഗുണ്ടകൾ തടഞ്ഞുനിർത്തി ജിബിനെ ക്രൂരമായി മർദിച്ചത്. ജോലി കഴിഞ്ഞ് മടങ്ങും വഴി അരൂക്കുറ്റി പാലത്തിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്നു ജിബിൻ. ഈ സമയം ഇവിടെയെത്തിയ പ്രതികൾ ജിബിനെ മർദ്ദിച്ചു. പിന്നീട് ഇവിടെ നിന്നും ജിബിന്റെ ബൈക്കിൽ തന്നെ അരൂക്കുറ്റിക്ക് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ടും ക്രൂര മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.
content highlight : attacking-youth-over-sending-hello-to-goons-girlfriend-on-instagram