പ്രകൃതി കനിഞ്ഞു നൽകിയ സമ്മാനം അതാണ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ്. മേഘാലയയിലെ ഏഴ് ജില്ലകളില്‍ ഒന്നാണ് ഈസ്റ്റ് ഖാസി ഹില്‍സ്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയുടെ ആസ്ഥാനം സംസ്ഥന തലസ്ഥാനമായ ഷില്ലോങ് ആണ്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്ള ഇവിടേയ്‌ക്ക് സന്ദര്‍ശകര്‍ ഏറെ എത്താറുണ്ട്. ഈസ്റ്റ് ഖാസി ഹില്‍സ് വിനോദ സഞ്ചാരം ആകര്‍ഷകവും വൈവിധ്യപൂര്‍ണവുമാണ്. ഷില്ലോങ് പ്രശാന്തമായ സ്ഥലങ്ങള്‍ കാട്ടിതരുമ്പോള്‍ മറ്റ് പ്രദേശങ്ങള്‍ ആകര്‍ഷകമായ പ്രകൃതി സൗന്ദര്യമാണ് പ്രകടമാക്കുന്നത്. ഹിമഖിരത്തിന്റെ ഇരിപ്പിടമായ സ്‌മിത് ഒരു ചെറിയ ഖാസി ഗ്രാമമാണ്.
സ്‌മിത്തിലെ പരമ്പരാഗത വാര്‍ഷിക നൃത്തം കണ്ണിനിമ്പമുള്ള കാഴ്‌ചയാണ്. സ്‌മിത്തില്‍ നിന്നും ഏതാനം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മാവ്‌ലിന്നോങ് ഗ്രാമത്തിന് വളരെ വ്യത്യസ്‌തമായ കഥയാണ് പറയാനുള്ളത്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇതാണന്നാണ് കരുതപ്പെടുന്നത്. ഗ്രാമ പരിസരത്തിന്റെ വൃത്തി ഇവിടെയെത്തുന്നവര്‍ക്ക് കാണാനും അനുഭവിക്കാനും കഴിയും. നൂറ് വര്‍ഷം പഴക്കമുള്ള ജീവനുള്ള വേരുകള്‍ നിലനില്‍ക്കുന്ന ലെയ്‌ത്‌കിന്‍സ്യൂ ആണ് ഈസ്റ്റ് ഖാസി ഹില്‍സിലെ മറ്റൊരു ആകര്‍ഷണം. തദ്ദേശീയ ഗോത്ര വര്‍ഗ്ഗക്കാരായ ഖാസികളുടെ നിര്‍മ്മാണ വൈദഗ്‌ധ്യത്തിന്റെ തെളിവാണ് ലിവിങ് റൂട്ട് ബ്രിഡ്‌ജുകള്‍. സന്ദര്‍ശകര്‍ തീര്‍ച്ചയായും കാണേണ്ടവയാണിത്. മനുഷ്യര്‍ക്ക് നടക്കാനായി ജീവനുള്ള മരങ്ങളുടെ വേരുകള്‍ പരസ്‌പരം വളച്ച് ഒരു നദിയ്‌ക്ക് കുറകെ ഉണ്ടാക്കുന്ന പാലങ്ങളാണ് ലിവിങ് റൂട്ട് ബ്രിഡ്‌ജുകള്‍. പുണ്യ വനങ്ങളുടെ സ്ഥലമായ മാവ്‌ഫ്‌ളാങ് സന്ദര്‍ശിക്കാതെ ഈസ്റ്റ് ഖാസി ഹില്‍സ് വിനോദ സഞ്ചാരം പൂര്‍ത്തിയാകില്ല.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ഈസ്റ്റ് ഖാസിഹില്‍സിലുണ്ട്. മാവ്‌ഫ്‌ളാങ്, സ്‌മിത്, ലെയ്‌ത്‌കിന്‍സ്യൂ,മാവ്‌സിന്റാം, മാവ്‌ലിന്നോങ് ഗ്രാമം എന്നവിയാണ് ഇതില്‍ ചില പ്രധാന സ്ഥലങ്ങള്‍. സന്ദര്‍ശകര്‍ക്ക് ഷില്ലോങില്‍ താമസിച്ചു കൊണ്ട് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കാണാന്‍ പോകാം. ഷില്ലോങ് റോഡ് മാര്‍ഗം ഗുവാഹത്തിയുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്നു. ബസ്, ടൂറിസ്റ്റ് വാഹനങ്ങള്‍ എന്നിവ എല്ലാ സമയത്തും ലഭിക്കും. മിതോഷ്‌ണ കാലാവസ്ഥയാണ് ജില്ലയിലെ എല്ലാ സ്ഥലത്തും അനുഭവപ്പെടുക. തെക്ക്‌പടിഞ്ഞാറന്‍ കാലവര്‍ഷം ജില്ലയില്‍ നിരവധി മാസങ്ങളില്‍ നല്ല മഴ ലഭ്യമാക്കാറുണ്ട്.
STORY HIGHLIGHTS : East Khasi Hills in Meghalaya; A gift from nature