Kerala

2012 ല്‍ തൃശ്ശൂരിലെ ശങ്കു ബസാറില്‍ നടന്ന ഇരട്ട കൊലപാതക കേസ്; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും നാല് ലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് കോടതി

പടിഞ്ഞാറേ വെമ്പല്ലൂര്‍ ശങ്കു ബസാര്‍ സ്വദേശിയായ അനിലിന്റെ പരാതിയില്‍ മതിലകം പോലീസ് സ്റ്റേഷനില്‍ കേസെടുത്തു.

തൃശൂര്‍: 2012 ല്‍ തൃശ്ശൂരിലെ ശങ്കു ബസാറില്‍ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും നാല് ലക്ഷം രൂപ വീതം  പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. പടിഞ്ഞാറേ വെമ്പല്ലൂര്‍ കുടിലിങ്ങബസാര്‍ സ്വദേശിയായ പുളിപറമ്പില്‍ വീട്ടില്‍ മിട്ടു എന്ന രശ്മിത് (37), പടിഞ്ഞാറേ വെമ്പല്ലൂര്‍ ശംഖുബസാര്‍ സ്വദേശിചാലില്‍ വീട്ടില്‍ ദേവന്‍ (37) എന്നിവരെയാണ് കുറ്റക്കാരാണെന്ന് തൃശൂര്‍ ഫസ്റ്റ് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ ശങ്കു ബസാറില്‍വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇവരെ ശിക്ഷിച്ചത്. മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2012 ഫെബ്രുവരി ഏഴിന് ശങ്കു ബസാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഇവര്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യം തീര്‍ക്കാനാണ് കൊലപാതകം നടത്തിയത്. പടിഞ്ഞാറേ വെമ്പല്ലൂര്‍ ശങ്കു ബസാര്‍ സ്വദേശിയായ അനിലിന്റെ പരാതിയില്‍ മതിലകം പോലീസ് സ്റ്റേഷനില്‍ കേസെടുത്തു.

കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.എസ്. നവാസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയതു. എ.എസ്.ഐ. പി.എച്ച്. ജഗദീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.സി. രശ്മി എന്നിവരും ഉണ്ടായിരുന്നു. പ്രോസക്യൂഷന്‍ ഭാഗത്തുനിന് 24 ഓളം സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകകളും 37 മുതലുകളും ഹാജരാക്കുകയും  ചെയ്തു. പ്രതികള്‍ക്കുള്ള വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജയകുമാര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

content highlight : thrissur-shanku-bazar-double-murder-accused-gets-double-life-sentence

Latest News