തിരുവനന്തപുരം: സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്. സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം, സമ്പൂർണ ഹരിത കലാലയം പ്രഖ്യാപനം, പൊതുസ്ഥലങ്ങൾ എല്ലാം വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവും, വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവുമായ ടൗണുകൾ കവലകൾ, എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപനം, എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപനം, സമ്പൂർണ ഹരിതസ്ഥാപന പ്രഖ്യാപനം, മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഹരിതമിത്രം ആപ്പിൻ്റെ സമ്പൂർണ്ണമായ ഉപയോഗം, അജൈവമാലിന്യത്തിൻ്റെ കൃത്യതയുള്ള നീക്കം, പബ്ലിക് ബിന്നുകൾ, നിർവ്വഹണ സമിതിയുടെ പ്രവർത്തനം, എൻഫോഴ്സ്‌മെൻ്റ് പരിശോധനകൾ എന്നിവയാണ് മാനദണ്ഡങ്ങളായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളമാകെ കൈകോർത്തു. മാർച്ച് മാസത്തിൽ ഹരിതകർമ്മസേന വീടുകളിലും സ്ഥാപനങ്ങളിലുമെത്തി സേവനം നൽകിയത് ഹരിതമിത്രം ആപ്പിലെ കണക്കനുസരിച്ച് 96%മാണ് (മാർച്ച് 28 വരെ). 85,97,815 വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഹരിതകർമ്മ സേന മാർച്ച് മാസത്തിൽ എത്തി അജൈവ മാലിന്യം ശേഖരിച്ചത്. ഹരിത മിത്രം ആപ്പ് ഉപയോഗിക്കാത്ത 15 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒഴികെയുള്ളവരുടെ കണക്കാണിത്. മാലിന്യ മുക്ത പഞ്ചായത്തുകളും നഗരസഭകളുമായി പ്രഖ്യാപിക്കപ്പെടുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്താകെ വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപന പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. നേട്ടം കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഓൺലൈനായി അഭിസംബോധന ചെയ്യും. തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻ പരിപാടിയിൽ മാലിന്യ സംസ്കരണ അവസ്ഥാ റിപ്പോർട്ട് അവതരിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾ, വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത പൊതുജനങ്ങളുടെ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എല്ലാ സംഘടനാ പ്രതിനിധികളും, ഹരിത സഭയില്‍ പങ്കെടുത്ത കുട്ടികള്‍, കുടുംബശ്രീ ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍, ജനകീയ സംഘടനകള്‍, റെസിഡൻസ് അസോസിയേഷനുകൾ, എൻഎസ്എസ്, സ്കൌട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ് സൊസൈറ്റി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങി വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലെ മികച്ച മാതൃകകളെ അഭിനന്ദിക്കാനും അവാർഡ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. മികച്ച വാർഡ്, മികച്ച വീട്, മികച്ച സ്ഥാപനങ്ങൾ( സർക്കാർ, സ്വകാര്യ, വ്യാപാര സ്ഥാപനങ്ങൾ), മികച്ച റെസിഡന്‍സ് അസോസിയേഷന്‍, മികച്ച ഹരിത വായനാശാല, മികച്ച ഹരിത പൊതു ഇടം (ഇതിന്റെ പരിപാലന ചുമതലയുള്ള സംഘടന/സ്ഥാപനത്തിനാണ് അവാർഡ്) , മികച്ച ഹരിത വിദ്യാലയം, മികച്ച ഹരിത അയൽകൂട്ടം, ഹരിത രത്നം അവാർഡ് (വ്യക്തിക്ക്), തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി/ഹരിത കർമ്മ സേന അംഗം (സാനിട്ടറി വർക്കർ), ഹരിത ടൌൺ, മികച്ച ജനകീയ സംഘടന എന്നിവർക്ക് പുരസ്കാരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാതൃകകളുടെ അവതരണവും പരിപാടിയിൽ നടക്കും.
മാലിന്യ സംസ്കരണ പുരോഗതിയെ 80 ശതമാനത്തിൽ നിന്ന് 100 ശതമാനം ആക്കാനും സുസ്ഥിരമായ സംവിധാനങ്ങൾ ഒരുക്കാനുമുള്ള പ്രവർത്തനങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ പ്രധാനമായും ഏറ്റെടുക്കുന്നത്. മാലിന്യമുക്തമായവ നിലനിർത്താനും, അല്ലാത്ത പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുമുള്ള വിപുലമായ പ്രവർത്തന പദ്ധതിയും സർക്കാർ നടപ്പിലാക്കും. എല്ലാത്തരം മാലിന്യത്തിന്റെയും പരിപാലനം, സമ്പൂർണമായ ഡിജിറ്റൽ ട്രാക്കിംഗ് എന്നിവയും നടപ്പിലാക്കും. പുനർചംക്രമണ പാർക്കുകൾ കൊണ്ടുവരാനുള്ള നടപടികൾ ശക്തിപ്പെടുത്തും.
content highlight :clean-kerala-announcement-of-completely-waste-free-local-government