തിരുവനന്തപുരം: കുട്ടികളിൽ വർധിച്ചു വരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടി കൊണ്ടു മാത്രം പൂർണമായും ഇതിനു അറുതി വരുത്താൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ സാമൂഹിക ഇടപെടൽ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നത്തെ കയ്യും കെട്ടി നിഷ്‌ക്രിയരായി നോക്കി നിൽക്കാൻ കഴിയില്ല. കുട്ടികൾ ലഹരിയിലേക്കും ആയുധങ്ങളിലേക്കും എത്തുന്ന സാഹചര്യം കണ്ടെത്തണമെന്നും സംസ്ഥാനത്തെ ലഹരി വ്യാപനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
വയലൻസിന്‍റെ സ്വാധീനം കുട്ടികളിൽ വർധിക്കുകയാണ്. കുഞ്ഞ് മനസുകളിൽ അന്യതാ ബോധം വരാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. സർക്കാർ നടപടി കൊണ്ടു മാത്രം കുട്ടികളിലെ അക്രമവാസനയും ലഹരിഉപയോഗവും തടയാൻ കഴിയില്ല. ഇതിനെ ചെറുക്കാൻ ക്രിയാത്മക നിർദേശങ്ങൾ ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയറുക്കേണ്ടതുണ്ട്. പക്ഷേ അതിന് നമുക്ക് മാത്രം കഴിയില്ല. കുട്ടികൾ ലഹരിയിലേക്കും ആയുധങ്ങളിലേക്കും എത്തുന്ന സാഹചര്യം കണ്ടെത്തണം. മയക്കു മരുന്ന് മുതൽ ഓജോ ബോർഡുകൾ വരെയുണ്ട്’. ഏറ്റവും അടുത്ത ബന്ധുക്കളെ വരെ കൊലപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം പരോക്ഷമായി ഉന്നയിച്ച് മുഖ്യമന്ത്രി പറഞ്ഞു.
‘ജോലിയുള്ള അച്ഛനും അമ്മയ്ക്കും കുട്ടിയൊടൊപ്പം ചിലവഴിക്കാൻ സമയമില്ല. ഇത് കുഞ്ഞ് മനസ്സിൽ അന്യതാ ബോധം ഉണ്ടാകുന്നു. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ കുഞ്ഞ് മനസുകൾ ആഴത്തിൽ നിന്ന് കയത്തിലേക്ക് പെട്ടുപോകുന്നു. ഡിജിറ്റൽ സ്വാധീനത്തിൽ കുട്ടികൾ പെട്ടു പോകുന്നു. ഡിജിറ്റല്‍ അറിവ് കുട്ടികള്‍ക്ക് ആവശ്യമാണ്. എന്നാല്‍ പക്ഷേ അത് എത്രമാത്രം വേണമെന്ന് രക്ഷിതാക്കൾ തിരിച്ചറിയണം’. അദ്ദേഹം പറഞ്ഞു.
‘കുട്ടി മുറിയിൽ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ്. ഇത് കുട്ടികളുടെ മനസിനെ സ്വാധീനിക്കും. മയക്കു മരുന്ന് ഏജൻ്റുമാർ കുട്ടികളെ ബന്ധപ്പെടാൻ ശ്രമിക്കുന്നു. കുട്ടികളെ നാശത്തിലേക്ക് തള്ളി വിടുന്ന അപകടകാരികളായി മയക്കുമരുന്ന് ഏജന്റുമാർ മാറുകയാണ്. പല കുടുംബങ്ങളും ഇതിൻ്റെ പ്രയാസം അനുഭവിക്കുകയാണ്. മനുഷ്യ രൂപം മാത്രമുള്ള ജീവിയായി കുട്ടി മാറുന്നു. വയലൻസിൻ്റെ സ്വാധീനം കുട്ടികളിൽ കൂടുന്നു. അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ ഒരു പദ്ധതി പല തലത്തിൽ ആവിഷ്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്’.. മുഖ്യമന്ത്രി പറയുന്നു.
‘കുട്ടിയുടെ സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിന് മാതാപിതാക്കൾ തടസം നിൽക്കരുത്. നല്ല രീതിയിൽ കൂട്ട് കൂടണം. അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ, സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണം. അറിവ് പകർന്നു കിട്ടുന്ന സൈറ്റുകളിലേക്കാണ് കുട്ടികൾ കടന്നു ചെല്ലുന്നത് എന്ന് ഉറപ്പാക്കണം. കുട്ടികളുടെ തെറ്റ് ചൂണ്ടി കാണിക്കുന്ന അധ്യാപകനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന മാതാപിതാക്കളും ഉണ്ട്. മയക്കുമരുന്നിനെതിരെ മാധ്യമങ്ങളും നല്ല ബോധവൽക്കരണം സ്വീകരിച്ചിട്ടുണ്ട്’.
വിദ്യാർഥികളിലെ സമ്മര്‍ദം കുറയ്ക്കാൻ സുംബ ഡാൻസ് പോലെയുള്ള സംവിധാനങ്ങൾ സ്കൂളുകളിൽ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് ലോങ്ങ് ബെൽ അടിക്കുന്നതിനു മുൻപുള്ള അരമണിക്കൂർ സമയം അതിനായി കണ്ടെത്തണം. ഗ്രൗണ്ടുകളിൽ ഇതിനുള്ള സൗകര്യം ഒരുക്കണം. അടുത്ത അധ്യായന വർഷം മുതൽ ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രി പറഞ്ഞു.