ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടാവുമ്പോൾ പന്ത്രണ്ട് അല്ലി ചെറിയ ഉള്ളിയും പത്തല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കാം. ഇനിയെല്ലാം കൂടി നല്ലപോലെ മൂപ്പിച്ചെടുക്കാം. എല്ലാം നന്നായി മൂത്ത് വരുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. തക്കാളി നന്നായി വെന്ത് വരുന്നത് വരെ വഴറ്റിയെടുക്കാം.
സ്റ്റവ് ലോ ഫ്ലെയിമിൽ വെച്ച ശേഷം കാൽ ടീസ്പൂൺ വലിയ ജീരകം, മൂന്ന് ടേബിൾ സ്പൂൺ മുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് എല്ലാം കൂടി നല്ലപോലെ വഴറ്റി പൊടികൾ മൂത്ത് വരുന്നത് വരെ ഇളക്കി കൊടുക്കാം. സ്റ്റവ് ഓഫ് ചെയ്ത് ഇത് തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്കിട്ട് നന്നായി അരിച്ചെടുക്കാം. അടുത്തതായി ഒരു ചട്ടി ചൂടാവാൻ വെച്ച ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ കുറച്ച് ഉലുവ ചേർത്ത് പൊട്ടി വരുമ്പോൾ ആവശ്യത്തിന് കറിവേപ്പിലയും ആറ് പച്ചമുളകും കൂടി ചേർത്ത് കൊടുക്കണം.