Kerala

സ്വയം പണയം വെച്ച സേവകൻ ആയി മോഹൻലാൽ മാറിയതിൽ അതിശയമില്ല: എമ്പുരാൻ വിവാദത്തിൽ അബിൻ വർക്കി | Abin Varkey

കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച നടന്‍ മോഹന്‍ ലാലിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. സംഘപരിവാറുകാരന്റെ തീട്ടൂരത്തിന് മുന്നില്‍ ‘സ്വയം’ പണയം വച്ച ‘സേവകന്‍’ ആയി മോഹന്‍ലാല്‍ മാറിയതില്‍ തനിക്ക് അതിശയമില്ലെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

 ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ലാലേട്ടാ,
‘ എടോ മാമച്ചായാ ‘ എന്ന് വിളിച്ച് നിങ്ങള്‍ പറയുന്ന പ്രജ സിനിമയിലെ പഞ്ച് ഡയലോഗുകള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ദിനപത്രത്തിന്റെ മേധാവികള്‍ക്കെതിരെ ആയിരുന്നു എന്നുള്ളത് നാട്ടുകാര്‍ക്ക് മുഴുവന്‍ മനസ്സിലായപ്പോഴും നിങ്ങള്‍ ഖേദം പ്രകടിപ്പിച്ച് ഞങ്ങള്‍ ആരും കണ്ടിട്ടില്ല.
കേരളത്തിലെ തന്നെ രണ്ട് പ്രമുഖരായ കമ്മ്യൂണിസ്റ്റ് വ്യക്തിത്വങ്ങളുടെ കഥ പറയുന്ന സിനിമയില്‍ നിങ്ങള്‍ കിടിലന്‍ ഡയലോഗുകള്‍ അടിച്ചപ്പോഴും അത് അവരുടെ കുടുംബത്തിന് വേദനിക്കുന്നത് കൊണ്ട് നിങ്ങളാരും ഖേദം പ്രകടിപ്പിച്ച് ഞങ്ങള്‍ ആരും കണ്ടില്ല.

കെ കരുണാകരനെയും, പത്മജ വേണുഗോപാലിനെയും, കെഎം മാണിയെയും ഒക്കെ ആക്ഷേപഹാസ്യങ്ങളുടെ തഗ് ഡയലോഗുകളിലൂടെ നിങ്ങള്‍ ആടിതിമിര്‍ത്തപ്പോള്‍ നിങ്ങളോട് മാപ്പ് പറയണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടുമില്ല.
പക്ഷെ എമ്പുരാന്‍ സിനിമയില്‍ ലോകം മുഴുവന്‍ കണ്ട് നടന്ന ഒരു സംഭവം ചിത്രീകരിച്ചതിന്റെ പേരില്‍ ‘ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വിഷമം ഉണ്ടായി ‘ എന്ന് ‘ വിഷമിച്ച് ‘ സംഘപരിവാറുകാരന്റെ തീട്ടൂരത്തിന് മുന്നില്‍ ‘ സ്വയം ‘പണയം വച്ച ‘ സേവകന്‍ ‘ ആയി മോഹന്‍ലാല്‍ മാറിയതില്‍ എനിക്ക് അതിശയമില്ല. കാരണം ഈ വയസാന്‍കാലത്ത് ഈ.ഡി റെയ്ഡ് നടത്തി ജയിലില്‍ കിടക്കണോ അതോ സിനിമയിലെ സീന്‍ കട്ട് ചെയ്യണോ എന്ന് ഒരു ചോദ്യം ഉയര്‍ന്നാല്‍ കോടി കണക്കിന് രൂപയുടെ ബിസിനസ് നടത്തുന്ന മോഹന്‍ലാലിനും, ആന്റണി പെരുമ്പാവൂരിനും, ഗോകുലം ഗോപാലന്‍ ചേട്ടനും ഒക്കെ മറ്റൊന്നും ആലോചിക്കാന്‍ പറ്റിയന്ന് വരില്ല. അതുതന്നെയാണ് സമകാലീന ഇന്ത്യയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നതും.

ഇനി അതല്ല മോഹന്‍ലാലിനും അണിയറ പ്രവര്‍ത്തകര്‍ക്കും യഥാര്‍ത്ഥത്തില്‍ തോന്നിയ വിഷമമാണെങ്കില്‍ സംഘപരിവാറുകാരന്റെ സെലക്ടീവ് വിഷമങ്ങള്‍ മാത്രമല്ല നിങ്ങള്‍ കാണേണ്ടത്. ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് നിങ്ങള്‍ എമ്പുരാന്‍ സിനിമയുടെ പ്രധാന പ്ലോട്ട് ആയി അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കൊടിയും, ശൈലിയും മുദ്രാവാക്യവും, പാര്‍ട്ടി ഓഫീസും വേഷവിധാനങ്ങളും തൊട്ട് ആ കഥ നിങ്ങള്‍ നയിക്കുന്നത് തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെയാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ ആക്ഷേപവും ഉണ്ട്. അങ്ങനെയെങ്കില്‍ അതും നിങ്ങള്‍ കട്ട് ചെയ്തു നീക്കി മാതൃക കാണിക്കണ്ടേ?
കട്ട് ചെയ്തു നീക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയില്ല കാരണം ഈ രാജ്യത്തെ യോജിപ്പും, വിയോജിപ്പും ഒക്കെ ഒരു സിനിമയില്‍ കഥയായി വേണമെന്ന് വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. പ്രതിഷേധങ്ങളുടെ ശബ്ദം പോലും കലാസൃഷ്ടിയായി മാറിയ ലോകമാണ് നമ്മുടേത്.
പക്ഷേ..
‘ ഒരു മര്യാദയൊക്കെ വേണ്ടേ ലാലേട്ടാ ‘
എന്ന്,
ഒരു മോഹന്‍ലാല്‍ ആരാധകന്‍.