സിക്കീമിലെ ഏറ്റവും വലിയ പട്ടണമാണ് ഗാംഗ്ടോക്. കിഴക്കന്‍ ഹിമാലയ നിരയില്‍ ശിവാലിക് പര്‍വതത്തിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . സിക്കീം സന്ദര്‍ശിക്കുന്നവരുടെ പ്രിയ നഗരങ്ങളിലൊന്നായ ഗാംഗ്ടോക് പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രം കൂടിയാണ്. 1840ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എന്‍ചേ മൊണാസ്ട്രിയാണ് ബുദ്ധമത തീര്‍ഥാടന കേന്ദ്രം. ഗാംഗ്ടോകിന്റെ ചരിത്രത്തിന് 18 നൂറ്റാണ്ടോളം പഴക്കമുണ്ട്. 1894ല്‍ അന്ന് ഇവിടം ഭരിച്ചിരുന്ന സിക്കീമീസ് ചോഗ്യാല്‍, തുതുബ് നാംഗ്യാല്‍ രാജാവ് ഗാംഗ്ടോകിനെ സിക്കീമിന്‍െറ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യം കിട്ടുന്ന സമയം വരെ ഗാംഗ്ടോക് തലസ്ഥാനമാക്കിയുള്ള പ്രത്യേക രാജ്യമായിരുന്നു ഇവിടം. 1975ലാണ് ഇരുപത്തി രണ്ടാമത്തെ സംസ്ഥാനമായി സിക്കീം ഇന്ത്യന്‍ യൂനിയനില്‍ ചേരുന്നത്.
ഇന്ന് കിഴക്കന്‍ സിക്കീമിന്‍െറ തലസ്ഥാനവും വിനോദസഞ്ചാര കേന്ദ്രവും എന്നതിലുപരിയായി തിബറ്റന്‍ ബുദ്ധമത സംസ്കാരത്തിന്‍െറ അഥവാ തിബറ്റോളജിയുടെ പ്രമുഖ കേന്ദ്രം കൂടിയാണ് ഇവിടം. തിബറ്റോളജിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിരവധി മൊണാസ്ട്രികളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. സിക്കീമിലെ മറ്റ് നഗരങ്ങളെ പോലെ ഗാംഗ്ടോക്കിന്‍െറ ചരിത്രത്തെ കുറിച്ചും കാര്യമായ അറിവില്ല. 1716ല്‍ ഗാംഗ്ടോക്കില്‍ ഹെര്‍മിറ്റിക്ക് ഗാംഗ്ടോക് മൊണാസ്ട്രി നിര്‍മിച്ചതിനെ കുറിച്ച് ചരിത്രത്തില്‍ ചില പരാമര്‍ശങ്ങളുണ്ട്. 1840ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എന്‍ചേ മൊണാസ്ട്രിയെ കുറിച്ചാണ് പിന്നീട് ചരിത്ര പുസ്തകങ്ങളില്‍ കാണുന്നത്. ചുരുക്കിപറഞ്ഞാല്‍ സിക്കീമീസ് ചോഗ്യാല്‍, തുതുബ് നാംഗ്യാല്‍ രാജാവ് 1894ല്‍ ഗാംഗ്ടോക്കിനെ രാജ്യ തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് വരെ ഉയരങ്ങളിലെ മനോഹര ഭൂമി ആരാലും അറിയപ്പെടാതിരുന്നു എന്ന് വേണം കരുതാന്‍. ഒരു മലയുടെ ഒരു വശത്തായാണ് ഗാംഗ്ടോക് നഗരം സ്ഥിതി ചെയ്യുന്നത്. ചില പ്രകൃതിദുരന്തങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ് ഇവിടം. 1977ല്‍ ഗാംഗ്ടോകില്‍ നടന്ന മണ്ണിടിച്ചിലില്‍ 38 പേരാണ് മരിച്ചത്. നിരവധി കെട്ടിടങ്ങളും അന്ന് തകര്‍ന്നു.
ലോവര്‍ ഹിമാലയന്‍ മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തില്‍ ഒരു മലയുടെ വശത്തായാണ് ഗാംഗ്ടോക് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍െറ ഒരറ്റത്ത് ഗവര്‍ണറുടെ വസതിയും മറ്റേ അറ്റത്ത് കൊട്ടാരവുമാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന റോറോ ചു, റാണി ഖോല എന്നീ നദികളും ഗാംഗ്ടോക്ക് നഗര മധ്യത്തിലൂടെ ഒഴുകുന്നുണ്ട്. ഈ രണ്ട് നദികളും തെക്കോട്ട് ഒഴുകുന്ന റാണിപുള്‍ നദിയില്‍ ചെന്ന് ചേരുകയും ചെയ്യുന്നു. മണ്ണടിച്ചിലിന് ഏറെ സാധ്യതകളുള്ളതാണ് സിക്കീമിലെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ ഗാംഗ്ടോക്കും. പാറക്കെട്ടുകളുടെ ദുര്‍ബലാവസ്ഥക്കൊപ്പം നദികളുടെ സമ്മര്‍ദവും മനുഷ്യനിര്‍മിത കിണറുകളും മറ്റും ഗാംഗ്ടോക്കിലെ മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ കൊടുമുടിയായ കാഞ്ചന്‍ജംഗയുടെ പൂര്‍ണരൂപം ഗാംഗ്ടോക്ക് നഗരത്തിന്‍െറ പടിഞ്ഞാറ് ഭാഗത്ത് നിന്നാല്‍ കാണാം.
വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന തരത്തില്‍ സുഖമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. മണ്‍സൂണ്‍ സ്വാധീനം ചൊലുത്തുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ. സമീപപ്രദേശങ്ങളെ പോലെ വേനല്‍ക്കാലവും തണുപ്പുകാലവും മഴക്കാലവും വസന്തകാലവും ശിശിരകാലവും ഇവിടെ അനുഭവപ്പെടാറുണ്ട്. തണുപ്പുകാലത്ത് സാധാരണയിലും കവിഞ്ഞ തണുപ്പനുഭവപ്പെടുന്ന ഇവിടെ 1990, 2004, 2005, 2011 വര്‍ഷങ്ങളിലായി മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. മഴക്കാലത്തും തണുല്‍്പുകാലത്തും ഇവിടെ മൂടല്‍മഞ്ഞും ഉണ്ടാകാറുണ്ട്. മനോഹരവും വേറിട്ടതുമായി സാംസ്കാരിക പൈതൃകം പിന്തുടരുന്നവരാണ് ഇവിടത്തുകാര്‍.
ഹിന്ദു ഉല്‍സവങ്ങളായ ദീപാവലി, ദസറ, ഹോളി എന്നിവക്കൊപ്പം ക്രിസ്തുമസും ഏറെ പൊലിമയോടെയാണ് ഇവിടത്തുകാര്‍ കൊണ്ടാടുന്നത്. പ്രാദേശിക ഉല്‍സവങ്ങളും ജാതി മത വര്‍ഗ ഭേദമന്യേ എല്ലാവരും ഒരുമിച്ചാണ് കൊണ്ടാടുക. ഇവിടെയുള്ള തിബറ്റന്‍ നിവാസികള്‍ ജനുവി,ഫെബ്രുവരി മാസങ്ങള്‍ക്കിടയിലാണ് പുതുവര്‍ഷം കൊണ്ടാടുക. പരമ്പരാഗതമായ ‘ഡെവിള്‍ ഡാന്‍സോ’ടെയുള്ള ലോസര്‍ എന്നറിയപ്പെടുന്ന ആഘോഷം കാണാന്‍ സഞ്ചാരികള്‍ നിരവധി എത്താറുണ്ട്. ലെപ്ച,ഭൂട്ടിയ വിഭാഗക്കാരുടെ പുതുവര്‍ഷാഘോഷമാകട്ടെ ജനുവരിയിലാണ്. നേപ്പാളി ഉല്‍സവങ്ങളായ മാഗേ സംക്രാന്തിയും രാം നവമിയും ഏറെ പ്രാധാന്യത്തോടെയാണ് ഇവിടത്തുകാര്‍ കൊണ്ടാടുക. ദ്രുപ്ക തേഷി, ദലൈലാമയുടെ ജന്‍ഗദിനം, ചോത്രുല്‍ ദുച്ചെന്‍, ബുദ്ധ ജയന്തി, ലൂസോംഗ്, സാഗാ ദാവാ, ലബാബ് ദൂച്ചെന്‍, ബുംച്ചു എന്നിവയാണ് ഇവിടത്തുകാര്‍ കൊണ്ടാടുന്ന മറ്റു ചില ഉല്‍സവങ്ങള്‍.
STORY HIGHLIGHTS : The beauty of the heights; Gangtok, the largest city in Sikkim