കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ് ആസ്സാമിലെ ഏക ഹില്‍സ്റ്റേഷനായ ഹഫ്‌ളോങ് അറിയപ്പെടുന്നത്. മഞ്ഞ് മൂടി കിടക്കുന്നു എന്നത് മാത്രമല്ല ഈ പേര് വരാന്‍ കാരണം സ്വിറ്റ്‌സര്‍ലന്‍ഡ് പോലെ മനോഹരം കൂടിയാണ് ഈ സ്ഥലം. സന്ദര്‍ശകരെ ഒരുപോലെ മോഹിപ്പിക്കുന്ന സ്ഥലമാണിത്. ബാരക് താഴ്‌വരയുടെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഹഫ്‌ളോങ് വടക്ക് കച്ചാര്‍ ജില്ലയുടെ ആസ്ഥാനമാണ്. സമീപ നഗരങ്ങളില്‍ നിന്നുള്ളവര്‍ വേനല്‍ക്കാലം ആസ്വദിക്കാന്‍ ഇവിടേയ്‌ക്കെത്തി തുടങ്ങിയതോടെ ഹഫ്‌ളോങിലെ വിനോദ സഞ്ചാരമേഖല ഉണര്‍ന്നിരിക്കുകയാണ്.
മലനിരകള്‍ക്ക് നടുവിലായി സമുദ്ര നിരപ്പില്‍ നിന്നും 513 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹഫ്‌ളോങ് വളരെ മനോഹരമായ നഗരമാണ്. വെള്ളച്ചാട്ടങ്ങളും അരുവികളും പച്ചപ്പും നിറഞ്ഞ ഹഫ്‌ളോങിന്റെ സൗന്ദര്യം ഇവിടം സന്ദര്‍ശിക്കുന്നവരുടെ മനസ്സില്‍ നിന്നും പെട്ടന്നൊന്നും മായില്ല. വെള്ളുറുമ്പ് കുന്നെന്നും ഹഫ്‌ളോങ് അറിയപ്പെടുന്നുണ്ട്. ഹഫ്‌ളോങിലെ മലനിരകള്‍ കാണുമ്പോള്‍ തന്നെ മനസ്സിന്റെ ആയാസം കുറയും. ഇവിടുത്തെ തടാകങ്ങളും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ദിമാസ കചാരി രാജ്യത്തിന്റെ പുരാതന തലസ്ഥാനമായ മെയ്‌ബോങ് ആണ് സന്ദര്‍ശിക്കാൻ പറ്റുന്ന മറ്റൊരു സ്ഥലം.
STORY HIGHLIGHTS : Haflong, the only hill station in Assam, the Switzerland of the East