തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയും പത്തനംതിട്ട സ്വദേശിയുമായ മേഘയുടെ മരണത്തിൽ വിവരങ്ങൾ തേടി പൊലീസ് ഇന്ന് ഐബിക്കു കത്തുനൽകും. കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുടെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിക്ക് കത്തുനൽകുന്നത്. ഉദ്യോഗസ്ഥനെ ഉടൻ കസ്റ്റഡിയിൽ ചോദ്യംചെയ്യാനാണു നീക്കം. കഴിഞ്ഞ ദിവസം മലപ്പുറത്തെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്ഥൻ മുൻകൂർജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. മേഘയെ സാമ്പത്തികമായി ഈ സുഹൃത്ത് ചൂഷണം ചെയ്തെന്നാണു പിതാവ് മധുസൂദനൻ ഉന്നയിച്ച പരാതി.