തിരുവനന്തപുരം: സംഘപരിവാർ ഭീഷണിക്ക് പിന്നാലെ റി എഡിറ്റ് ചെയ്ത എംമ്പുരാൻ ഇന്നു വൈകിട്ട് മുതൽ തിയറ്ററുകളിൽ എത്തും. സിനിമയില്‍ നിന്ന് മൂന്ന് മിനുറ്റ് ഭാഗം വെട്ടി മാറ്റി. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം അടക്കമുള്ള മൂന്ന് മിനുട്ടാണ് സിനിമയിൽ നിന്ന് കട്ട് ചെയ്തിരിക്കുന്നത്. വിവാദമായ വില്ലന്‍റെ പേരിലും മാറ്റം ഉണ്ടെന്നാണ് സൂചന. രണ്ടുമണിക്കൂർ 59 മിനിറ്റ് ഉണ്ടായിരുന്ന എമ്പുരാൻ സിനിമയിൽ നിന്ന് മൂന്ന് മിനിറ്റാണ് വെട്ടി മാറ്റിയത്. ഗുജറാത്ത് വംശഹത്യയിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‍റെയും ദൃശ്യം അടക്കം ഒഴിവാക്കിയിട്ടുണ്ട്. വില്ലൻ്റെ പേര് ബാബു ബജ്റംങ്കി എന്നത് മാറ്റി ബൽ രാജ് എന്ന് ആക്കിയതായി സൂചനയുണ്ട്.
അതേസമയം, എമ്പുരാന്‍ സിനിമാ വിവാദവുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെ നടി മല്ലിക സുകുമാരന്‍ രംഗത്തെത്തി. സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും അങ്ങനെ കാണുന്ന ശീലം മോഹന്‍ലാലിനില്ലെന്നുമുള്ള മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെയാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. നടക്കാത്ത പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്ന് മേജര്‍ രവി പറയുന്നത് എന്തിനാണെന്ന് മല്ലിക സുകുമാരന്‍ ചോദിക്കുന്നു. മോഹന്‍ലാലിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ചിലര്‍ പൃഥ്വിരാജിനെ ബലിയാടാക്കുകയാണ്. സിനിമയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മല്ലിക സുകുമാരന്റെ പ്രതികരണം.