ഒരു കിടിലൻ ബിരിയാണി വെച്ചാലോ? അതും വെറും ബിരിയാണിയല്ല, നല്ല അടിപൊളി ദം ബിരിയാണി. എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ദം ബിരിയാണി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ജീരകശാല അരി- 4 1/2 കപ്പ്
- ചിക്കൻ- 1/2 കിലോഗ്രാം
- എണ്ണ- 2 ടേബിൾസ്പൂൺ
- നെയ്യ്- 2 ടേബിൾസ്പൂൺ
- പെരുംജീരകം-1 ടീസ്പൂൺ
- കറുവാപ്പട്ട- 2
- വഴനയില- 2
- ഏലയ്ക്ക- 4
- മല്ലി- 1/4 ടീസ്പൂൺ
- ഗ്രാമ്പൂ- 4
- ജീരകം- 1/4 ടീസ്പൂൺ
- കുരമുളക്- 1 ടീസ്പൂൺ
- വറ്റൽമുളക്- 2
തയ്യാറാക്കുന്ന വിധം
ബിരിയാണി മസാല
പെരുംജീരകം, കറുവാപ്പട്ട, വഴനയില, ഏലയ്ക്ക, ഗ്രാമ്പൂ, മല്ലി, ജീരകം, കുരുമുളക്, വറ്റൽമുളക് എന്നിവ പാനിൽ എണ്ണ ഒഴിക്കാതെ വറുക്ക. ചെറുചൂടോടെ പൊടിച്ചെടുക്കാം. പാനിലേയ്ക്ക് സൺഫ്ലവർ ഓയിലും കുറച്ച് നെയ്യും ഒഴിക്കാം. ചൂടായി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേർക്കാം. പച്ചമണം മാറുമ്പോൾ ഇതിലേക്ക് 3 സവാള അരിഞ്ഞതു ചേർക്കാം. ആവശ്യമെങ്കിൽ എണ്ണ ചേർത്തു കൊടുക്കാം. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി യോജിപ്പിക്കാം.
മല്ലിയിലയും പുതിനയിലയും മസാലപുരട്ടിവച്ചിരിക്കുന്ന ചിക്കനും ഇതിലേക്കു ചേർക്കാം. രണ്ടര ടീസ്പൂൺ ബിരിയാണി മസാല പൊടിച്ചതും ചേർത്ത് അടച്ചു വെച്ചു വേവിക്കണം. വെന്തുകഴിഞ്ഞാൽ ചെറുനാരങ്ങാനീര് ആവശ്യത്തിന് ചേർക്കാം. വെള്ളത്തിൽ കുതിർത്തുവച്ച് അഞ്ച് കശുവണ്ടിയും ഒരു ടേബിൾ സ്‌പൂൺ തേങ്ങയും നല്ല പേസ്റ്റ് പോലെ അരച്ച് ചിക്കനിലേക്കു ചേർക്കാം. അടച്ചു വെച്ച് തിളപ്പിക്കണം. അൽപം ഗ്രേവിയോടു കൂടി വേണം ദമ്മിടാൻ.