ഇന്ത്യന്‍ സാഹിത്യത്തില്‍ ദാര്‍ശനികതലത്തില്‍ ഒ.വി.വിജയനോളം മറ്റൊരു പ്രതിഭ ഉണ്ടായിട്ടില്ല. ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ക്ക് മാത്രം ഗ്രാഹ്യമായിരുന്ന ആശയത്തെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയിലൂടെ പരിചയപ്പെടുത്തിയപ്പോള്‍ മലയാളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അതിഭാവുകത്വത്തിന്റെ മറ്റൊരു തലം മലയാളിയുടെ ചിന്താസരണിയിലൂടെ കടത്തിവിട്ടപ്പോള്‍ ആ എഴുത്ത് മലയാള സാഹിത്യത്തില്‍ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തി. ഖസാക്കിനു മുന്‍പും ശേഷവും.
ഒരേ സമയം ഒരു സന്ദേഹിയുടെ മൌനവും ഒരു ജ്ഞാനിയുടെ ആഴവും ജീവിതത്തില്‍ പകര്‍ത്തിയ എഴുത്തിന്റെ തമ്പുരാന് ജ്ഞാനപീഠം പുരസ്‌കാരം കൊടുത്തില്ല എന്നതാകും ചരിത്രം എന്നും വ്യസനത്തോടെ ഓര്‍ക്കുന്നതെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. ഒ.വി.വിജയന്റെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
ജ്ഞാനപീഠം ലഭിച്ചില്ലെന്നു കരുതി നൈരാശ്യത്തിന്റെ ഭാവദേദാദികള്‍ ആ ചിന്തകനെ ഭരിച്ചില്ല. ആത്മീയതയുടെ സുഗന്ധം പരത്തി നില്‍ക്കുന്ന ഒ.വി.വിജയന്റെ ജീവിതത്തിന് കാലാതിവര്‍ത്തിയായ സന്ദേശമുണ്ട്. പ്രാര്‍ത്ഥനയ്ക്കും ചിന്തകള്‍ക്കും മൌനത്തിനും ധ്യാനത്തിനുമായിരൊടം. അതിനു ഗുരുസന്നിധിയല്ലാതെ ലോകത്ത് മറ്റൊരു തീരവും അദ്ധേഹത്തിന് കാണുവാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് അദ്ധേഹം ശാന്തിഗിരി ആശ്രമത്തില്‍ വന്നു താമസിക്കാന്‍ തീരുമാനിച്ചത്. ഗുരുവില്‍ സമര്‍പ്പിക്കപ്പെട്ട കൃതികളിലൂടെയാണ് ഒരു കാലഘട്ടത്തില്‍ യുവതയുടെ ചിന്തകളെ തീ പിടിപ്പിച്ച ഒ.വി.വിജയന്‍ എന്ന മഹാനായ എഴുത്തുകാരനെ അറിയുന്നത്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആശ്രമത്തില്‍ അവധിക്കാലത്ത് വന്നു താമസിക്കുമ്പോഴാണ് ഞാന്‍ ഒ.വി.വിജയനെ ആദ്യമായി കാണുന്നതെന്നും അദ്ധേഹം ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് രാവിലെ പത്രവാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കാനും ശുശ്രൂഷിക്കാനും തനിക്ക് അവസരം ലഭിച്ചിട്ടൂണ്ടെന്നും ആ അവസരമാണ് തന്റെ സ്വത്വത്തിലണഞ്ഞ ആത്മീയതയെ പരിപോഷിപ്പിക്കുവാന്‍ കാരണമായതെന്നും സ്വാമി പറഞ്ഞു. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരിയില്‍ ഒ.വി.വിജയന്‍ പഠനകേന്ദ്രം ആരംഭിക്കുമെന്നും സ്വാമി പ്രഖ്യാപിച്ചു. ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ. പി.സുദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരായ എം.ചന്ദ്രപ്രകാശ്, കെ.സുദര്‍ശനന്‍, സുധാകരന്‍ ചന്തവിള, ജയന്‍ പോത്തന്‍കോട്, ആശ്രമം അഡൈ്വസറി കമ്മിറ്റി ആര്‍ട്‌സ് & കള്‍ച്ചര്‍ പേട്രണ്‍ ഡോ.റ്റി.എസ്. സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു.
CONTENT HIGH LIGHTS;It is a historical tragedy that O.V. Vijayan was not given the Jnanpith: O.V. Vijayan study center to be started in Shanthigiri