മലപ്പുറം തേഞ്ഞിപ്പാലത്ത് ഗോഡൗണിൽ അനധികൃതമായി സംഭരിച്ച 16000 ലിറ്റർ ഡീസൽ പൊലിസ് പിടികൂടി. തേഞ്ഞിപ്പലം കൊയപ്പാടം പെരിഞ്ചീരിമാട് സലാം ഹാജിയിൽ നിന്ന് വയനാട് മേപ്പാടി സ്വദേശിയായ അബ്ദുൽ ലത്തീഫ് വാടകക്കെടുത്ത കെട്ടിടത്തിലായിരുന്നു ഈ അനധികൃത ഇന്ധനം സംഭരണം നടന്നത്.
കൂടാതെ, ഇന്ധനം മാറ്റാനുള്ള അത്യാധുനിക പമ്പിങ് യൂണിറ്റുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. യാതൊരു സുരക്ഷയും കൂടാതെ ജനവാസ മേഖലയിലായിരുന്നു ഇന്ധനം സൂക്ഷിച്ചിരുന്നത്.
അതേസമയം ഇന്ധനം സംഭരിച്ചിരുന്ന ഈ ഗോഡൗണിന് പഞ്ചായത്തിന്‍റെ അനുമതിയുമുണ്ടായിരുന്നില്ല. സംഭവ സ്ഥലത്തെത്തിയ ഭാരത് പെട്രോളിയം മലപ്പുറം ജില്ലാ സീനിയർ മാനേജർ സി.എച്ച് നാഗരാജു പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.