പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചു.
തൊട്ടു പിന്നാലെ പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് നിയമനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. പുതിയ ചുമതലയിൽ ഇവർക്ക് ലെവൽ 12 അടിസ്ഥാനമാക്കിയുള്ള വേതനമാണ് ലഭിക്കുക.
ഐ എഫ് എസ്സിന്റെ ഭാഗമാകുന്നതിനു മുൻപ് വാരണാസിയിൽ അസിസ്റ്റന്റ് കമ്മീഷണർ ആയി പ്രവർത്തിച്ചിരുന്നു. 2022 ലാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി അവർ ചുമതലയേറ്റത്. അധികം വൈകാതെ 2023 ജനുവരി 6 ന് ഈ യുവ ഐ എഫ് എസ് ഓഫീസറെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലേക്ക് ഉയർത്തി.
ഇതിനു മുൻപ് വിദേശകാര്യ മന്ത്രാലയത്തിൽ അന്തർദേശീയ സുരക്ഷാകാര്യ വിഭാഗത്തിൽ ആയിരുന്നു അവർ ജോലി ചെയ്തിരുന്നത്. അന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന് നേരിട്ടാണ് ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്.
ദിലിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ് നിധി തിവാരി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിക്ക് അടുത്ത് മഹമൂർഗഞ്ച് ആണ് നിധി തിവാരിയുടെ നാട്.
2013ലെ സിവിൽ സർവീസ് പരീക്ഷയിൽ 93 ആം റാങ്ക് നേടി ജയിച്ച ഇവർ, ഇന്ത്യൻ ഫോറിൻ സർവീസ് ആണ് തിരഞ്ഞെടുത്തത്. 2014 ലാണ് പരിശീലനം പൂർത്തിയാക്കി ഇവർ സർവീസിൽ കയറിയത്.