അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമാണ് ഇറ്റാനഗര്‍. ഹിമാലയത്തിന്റെ താഴ്‌വരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാപുംപാരെ ജില്ലയുടെ ഭരണത്തിന്‍ കീഴില്‍ വരുന്ന ഇറ്റാനഗര്‍ 1974 ഏപ്രില്‍ 20 നാണ് തലസ്ഥാന നഗരിയായി മാറുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ ഏറ്റവും വലിയ നഗരം കൂടിയാണിത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ജനവിഭാഗങ്ങള്‍ ഇവിടെയുള്ളതിനാല്‍ `ചെറിയ ഇന്ത്യ’ എന്ന് ഇറ്റാനഗറിനെ വിശേപ്പിക്കാറുണ്ട്. പതിനാല് – പതിനഞ്ചാം നൂറ്റാണ്ടിലെ ജിതാരി രാജവംശത്തിന്റെ രാജാവായിരുന്ന രാമചന്ദ്രയുടെ തലസ്ഥാനമായിരുന്ന മായാപൂര്‍ ആണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറ്റാനഗറില്‍ പുരാവസ്‌തുപരമായി പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളുണ്ട്. ചരിത്രപരമായി പ്രാധാന്യം നല്‍കുന്നത് സാമൂഹ്യ-സാംസ്‌കാരിക സ്ഥാപനങ്ങളാണ്. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് ഇറ്റ കോട്ടയാണ്.
ഈ കോട്ടയില്‍ നിന്നാണ് നഗരത്തിന് ഈ പേര് ലഭിക്കുന്നത്. ബോംദില, പരശുരാം കുണ്ഡ്,മാലിനിതാന്‍ ,ഭീഷ്‌മക് നഗര്‍ എന്നിവയാണ് മറ്റാകര്‍ഷണങ്ങള്‍. ബസിനും ടാക്‌സിക്കും ഈ സ്ഥലങ്ങളിലേയ്‌ക്കെത്താം. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവന്‍ ഇറ്റാനഗറിലാണ്. ഇതും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ഗംഗ തടാകം, ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം, കരകൗശല കേന്ദ്രം, വാണിജ്യ കേന്ദ്രം എന്നിവയാണ് സന്ദര്‍ശകര്‍ ഏറെ എത്തുന്ന മറ്റ് സ്ഥലങ്ങള്‍. അരുണാചല്‍ പ്രദേശിന്റെ സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന വിവിധ ഗോത്ര ശേഖരണങ്ങളാണ് മ്യൂസിയത്തിലുള്ളത്. ചെടികളാലും പാറകളാലും ചുറ്റപ്പെട്ട മനോഹരമായ സ്ഥലത്താണ് ഗംഗ തടാകം സ്ഥിതി ചെയ്യുന്നത്. ചുവര്‍ ചിത്രങ്ങള്‍, മുള,ചൂരല്‍ ഉത്‌പന്നങ്ങള്‍, പരമ്പരാഗത വസ്‌ത്രങ്ങള്‍ എന്നിവയാണ് കരകൗശല കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും നാട്ടുകാര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കുന്ന ചില ഉദ്യാനങ്ങള്‍ സുവോളജിക്കല്‍ പാര്‍ക്, ഇന്ദിരഗാന്ധി പാര്‍ക്, പോളോ പാര്‍ക് തുടങ്ങിയവയാണ്. പുതിയതായി നിര്‍മ്മിച്ച ബുദ്ധ ക്ഷേത്രമാണ് ബുദ്ധ വിഹാര്‍. ദലൈലാമയാല്‍ പവിത്രമാക്കപ്പെട്ട ബുദ്ധ ക്ഷേത്രമാണിത്. ഗോംമ്പ ബുദ്ധ ക്ഷേത്രമാണ് ഇത്തരത്തിലുള്ള മറ്റൊന്ന്.
മഞ്ഞ മേല്‍ക്കൂരയോടു കൂടിയ ഈ ദേവലായം തിബറ്റന്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റാനഗറിന്റെയും ചുറ്റുപാടിന്റെയും ഭംഗി ഇത് കൂട്ടുന്നു. ട്രക്കിങ് ഇഷ്‌ടപെടുന്നവരുടെ പ്രിയ സ്ഥലമാണ് ഇറ്റാനഗര്‍. സംസ്ഥാനത്തിന്റെ വിവിധ കോണുകളിലേക്ക് ഇവിടെ നിന്നും ട്രക്കിങ് പാതകളുണ്ട്. അരുണാചല്‍ പ്രദേശിന് പുറമെ പശ്ചിമ ബംഗാള്‍, അസ്സാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട വിവിരങ്ങള്‍ ലഭിക്കും. വിവിധ ഗോത്രങ്ങളില്‍ പെട്ടവരാണ് നഗരത്തിലെ ജനങ്ങളിലേറെയും. ന്യീഷി ഗോത്രക്കാരാണ് കൂടുതല്‍. നിഷാസെന്നും നിഷിങ്‌സെന്നും ഇവര്‍ അറിയപ്പെടാറുണ്ട്. ബുദ്ധമതവിശ്വാസികളാണ് ഇവിടുത്തെ ജനങ്ങളിലേറെയും. വര്‍ഷം മുഴുവന്‍ ഉത്സവ ഭാവത്തില്‍ സജീവമായിട്ടുള്ളവരാണ് ഇറ്റാനഗര്‍ നിവാസികള്‍. ന്യിഷി ഗോത്രക്കാരുടെ ഒരു പ്രധാന ഉത്സവമാണ് ന്യോകും.
മറ്റൊരു ഗോത്ര വര്‍ഗ്ഗക്കാരായ മോണ്‍പസിന്റെ ആഘോഷമാണ് ലോസര്‍. ഇതൊരു പുതുവത്സര ആഘോഷമാണ്. ഉത്സവത്തോടനുബന്ധിച്ച് ആളുകള്‍ പ്രാര്‍ത്ഥിക്കുകയും മതപരമായ കൊടികള്‍ ഉയര്‍ത്തുകയും ബുദ്ധ പുരാണങ്ങള്‍ വായിക്കുകയും ചെയ്യും. അഞ്ച് ദിവസം ഇത് നീണ്ട് നില്‍ക്കും.ഇദു മിഷിംസിന്റെ ആഘോഷമായ റെച്ചാണ് മറ്റൊരു ഉത്സവം. പുരോഹിത നൃത്തമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ദിഗാരു മിഷിംസിന്റെ ആഘോഷമാണ് താംലാദു. ഖാന്‍, സാന്‍ങ്കേന്‍, മോപിന്‍ എന്നിവയാണ് മറ്റ് ചില ഉത്സവങ്ങള്‍. സംസ്ഥാനത്തെ നിരവധി പ്രശസ്‌തങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളത് ഇറ്റാനഗറിലാണ്.
STORY HIGHLIGHTS : This little India, know the wonders of Itanagar