ഉന്നതരുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും അഭിഭാഷകർക്ക് ലഭിച്ചത് സമാന സന്ദേശങ്ങൾ . ആലപ്പുഴ എംപി കെ.സി. വേണുഗോപാലിന്റെയും , ഡിഐജി യതീഷ് ചന്ദ്രയുടെയും പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ അഭിഭാഷകർക്ക് ലഭ്യമായ സമാന സന്ദേശങ്ങളിലൂടെ ഇത്തരം കുറ്റകൃത്യത്തിന് പിന്നിൽ ഒരേ സംഘമെന്ന് സൂചന പുറത്ത് വരുന്നു .
ഡിഐജി യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങിന് കഴിഞ്ഞ മാസമാണ് സന്ദേശം ലഭിക്കുന്നത് . സംശയം തോന്നിയ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫോണിൽ യതീഷ് ചന്ദ്രയെ ബന്ധപ്പെട്ട ശേഷം കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി . ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് അന്വേഷണം പോലീസ് ഇത് സംബന്ധിച്ച് ഇപ്പോൾ തുടരുന്ന ഘട്ടത്തിലാണ്. അഡ്വ. കുളത്തൂർ ജയ്‌സിങിന് ലഭിച്ച അതെ സന്ദേശങ്ങളാണ് കോൺഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ . സി . വേണുഗോപാലിന്റെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും ഹരിപ്പാട്ടെ അഭിഭാഷകനായ അഡ്വ. ശിവപ്രസാദിന് ഈ മാസം ലഭിച്ചത്. ഹരിപ്രസാദും പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയുടെ ഫർണിച്ചർ , നാല് മാസത്തെ പഴക്കം മാത്രം , 95000 രൂപ കൊടുത്താൽ വീട്ടിലെത്തിക്കും. അതും സി.ആർ.പി.എഫ്. വണ്ടിയിൽ ചക്രങ്ങൾ സഹിതം . സൈബറിടങ്ങളിൽ കറങ്ങി നടക്കുന്ന പുതിയ തട്ടിപ്പാണിത് . സ്ഥലം മാറ്റം പെട്ടെന്നായതിനാൽ വീട്ടിലെ ഫർണിച്ചർ വിറ്റു പോകുകയാണെന്നാണ് പ്രചാരണം , സുഖ വിവരം തിരക്കി സന്ദേശം വ്യാജ അക്കൗണ്ടിൽ നിന്നും ആദ്യം വരും . പിന്നാലെ ഫോൺ നമ്പർ ആവശ്യപ്പെടും . സിആർപിഎഫ് ഓഫീസർ ഫോണിൽ ബന്ധപ്പെടുമെന്ന് പിന്നാലെ അറിയിക്കും. അഡ്വാൻസ് കൊടുത്താൽ കച്ചവടം ഉറപ്പാക്കാമെന്ന് വാഗ്ദാനം . ഇത്തരം സന്ദേശങ്ങളാണ് അഭിഭാഷകർക്കും ലഭിച്ചത് . സമാന സ്വഭാവമുള്ള സന്ദേശങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണ് പ്രവർത്തിക്കുന്നതെന്നും തെളിവ് പുറത്തു വരുമ്പോഴും ഇരു സംഭവങ്ങളിലെയും പ്രതികളെ ഇതുവരെ പിടികൂടുവാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
STORY HIGHLIGHT: kerala cyber crime