പഴമക്കാരുടെ രുചിക്കൂട്ടുകളടങ്ങിയ സ്വാദേറും വിഭവം അതാണ് നെയ്യപ്പം. നല്ല ക്രിസ്പിയായിട്ടുള്ള മധുരമൂറുന്ന കിടിലം നെയ്യപ്പം നമുക്ക് ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കിയെടുത്തലോ.
ചേരുവകൾ
ശർക്കര – 300 ഗ്രാം വെള്ളം – 2 കപ്പ് ബേക്കിംഗ് സോഡ – രണ്ടു നുള്ള് ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ വറുത്ത അരിപ്പൊടി – 2 കപ്പ് മൈദ – ഒരു കപ്പ് ഉപ്പ് – കാൽ ടീസ്പൂൺ ജീരകം വറുത്തു പൊടിച്ചത് – 1/2 ടീസ്പൂൺ തേങ്ങാക്കൊത്ത് അരിഞ്ഞത് – അര കപ്പ് നെയ്യ് – മൂന്ന് ടേബിൾസ്പൂൺ എള്ള് – ഒരു ടേബിൾ സ്പൂൺ റവ – കാൽകപ്പ്
തയ്യാറാക്കുന്ന വിധം
ശർക്കര രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാനായി അടുപ്പിൽ വയ്ക്കാം. ഈ സമയം കൊണ്ട് നെയ്യ് ചൂടാക്കി അതിലേക്ക് തേങ്ങാക്കൊത്ത് അരിഞ്ഞ് ചെറുതായി വറുത്തെടുക്കുക. നന്നായി മൂത്തു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ എള്ള് കൂടെ ഇട്ട് തീ ഓഫ് ചെയ്യാം.
ഇനി ഒരു പാത്രത്തിലേക്ക് അരിപ്പൊടിയും മൈദയും, കാൽ ടീസ്പൂൺ ഉപ്പും കൂടെ ഒന്നിച്ചാക്കി നല്ലപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ശർക്കര നീര് അരിച്ചൊഴിക്കാം. വെള്ളം ആവശ്യമാണെങ്കിൽ കുറച്ചുകൂടി ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് കാൽകപ്പ് റവയും, വറുത്തെടുത്ത തേങ്ങാക്കൊത്തും, ബേക്കിംഗ് സോഡയും, ഏലക്കാപ്പൊടിയും, ജീരകപ്പൊടിയും ചേർത്ത് നന്നായി ഇളക്കിയെടുത്ത് നെയ്യപ്പത്തിന്റെ പാകത്തിൽ മാവ് കലക്കി എടുക്കുക. ഇനി ചൂടായ എണ്ണയിൽ നെയ്യപ്പം കുറേശ്ശെയായി കോരിയൊഴിച്ച് ചുട്ടെടുക്കാം. രുചികരമായ നെയ്യപ്പം തയ്യാർ.
STORY HIGHLIGHT: neyyappam