തിരുവനന്തപുരം: കേരള സർവകലാശാലയുടെ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർ വിളിച്ചു ചേർത്ത നിർണായക യോഗം ഇന്ന് ചേരും. തങ്ങൾ ഈ വിഷയം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന സർവകലാശാല ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി ജനുവരി 15 ന് തന്നെ അധ്യാപകൻ പരീക്ഷാ കൺട്രോളറെ കണ്ട് റിപ്പോർട്ട് നൽകിയെങ്കിലും വിഷയത്തിന്റെ പ്രാധാന്യം ആരും ഉൾക്കൊണ്ടില്ലെന്നതാണ് വസ്തുത.
ഡിജിറ്റലായി അയച്ച ഫയൽ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ പോലും രണ്ടാഴ്ചയോളം നോക്കാതെ കിടന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്തണോ സിൻഡിക്കറ്റിന്റെ പരീക്ഷാ ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കണോ എന്നതിൽ തീരുമാനത്തിനായി ഫെബ്രുവരി ആദ്യം വൈസ് ചാൻസലർക്ക് അയയ്ക്കുന്നത്. ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനായിരുന്നു വിസിയുടെ നിർദേശം. ഫെബ്രുവരിയിൽ ഉപസമിതി യോഗം ചേർന്നില്ല. ഫെബ്രുവരി അവസാനം ചേർന്ന സിൻഡിക്കറ്റ് യോഗവും വിഷയം ചർച്ച ചെയ്തില്ല. പിന്നീട് മാർച്ചിലെ ഉപസമിതി യോഗവും തുടർന്ന് സിൻഡിക്കറ്റുമാണ് പുനഃപരീക്ഷ ശുപാർശ ചെയ്തത്.