ഡൽഹി: വിവാദങ്ങൾക്കിടെ എമ്പുരാൻ വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയിൽ നോട്ടീസ് നൽകി. അതിനിടെ വിവാദങ്ങളും വിമർശനങ്ങളും തുടരുന്നതിനിടെ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങും. ചിത്രത്തിൽ നിന്ന് 3 മിനിറ്റാണ് നീക്കം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് ആറാം ദിവസമായപ്പോഴേക്കും സിനിമ 200 കോടിയിലധികം നേടിയതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി.
തിരക്കഥാകൃത്ത് അടക്കമുള്ള അണിയറ പ്രവർത്തകരുടെ അതൃപ്തിക്കിടയിലാണ് എമ്പുരാൻ എഡിറ്റഡ് പതിപ്പ് തീയേറ്ററുകളിലേക്ക് എത്തുന്നത്. വിവാദ വിഷയങ്ങൾ പരാമർശിക്കുന്ന ആദ്യ ഇരുപത് മിനിറ്റിലാകും കട്ട് വീഴുക. പ്രതിനായകന്‍റെ പേരടക്കം മാറ്റി മൂന്നു മിനിറ്റ് നീക്കം ചെയ്താകും സിനിമ ഇനി പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സൂചന.
അതേസമയം വിവാദങ്ങൾക്കിടയിലും സിനിമ 200 കോടി ക്ലബിലേക്ക് എത്തുന്ന വിവരം നായകൻ മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരും ഇതു പങ്കുവച്ചു. 5 ദിവസം കൊണ്ടാണു ചിത്രം 200 കോടി നേടുന്നത്. 48 മണിക്കൂർ കൊണ്ട് 100 കോടി ക്ലബിൽ കയറിയിരുന്നു. എഡിറ്റ് ചെയ്യുന്നതിന് മുൻപേ സിനിമ കാണാനായി വലിയ തിരക്കാണ് തിയറ്ററുകളിൽ രണ്ടുദിവസമായി അനുഭവപ്പെട്ടത്.