ഡി.ഐ.ജി യതീഷ് ചന്ദ്രയുടെയും, ആലപ്പുഴ എംപി കെസി വേണുഗോപാലിന്‍റെയും പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വഴി അഭിഭാഷകർക്ക് തട്ടിപ്പ് സന്ദേശം അയച്ചത് ഒരേസംഘമാണെന്ന് സൂചന. ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിംഗിനാണ് ഒരു മെസേജ് ലഭിച്ചത്. പെട്ടെന്നായിരുന്നു സ്ഥലം മാറ്റമുണ്ടായത്, അതുകൊണ്ട് വീട്ടിലെ ഫർണിച്ചർ വിൽക്കുകയാണ്, സോ.. വെറും 4 മാസത്തെ പഴക്കം മാത്രമുള്ള 5 ലക്ഷം രൂപയുടെ ഫർണിച്ചർ 95000 രൂപ കൊടുത്താൽ സി.ആർ.പി.എഫിന്റെ വണ്ടിയിൽ വീട്ടിലെത്തിക്കും. – ഇതാണ് യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ എഫ്ബി അക്കൗണ്ടിൽ നിന്ന് അഭിഭാഷകന് വന്ന സന്ദേശം.
പിന്നീട് യതീഷ് ചന്ദ്രയുടെ ഫോൺ നമ്പറും ആവശ്യപ്പെട്ടു. ഫോണിൽ സി.ആർ.പി.എഫ് ഓഫീസർ ബന്ധപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു. അഡ്വാൻസ് കൊടുത്താൽ കച്ചവടം സെറ്റാക്കാമെന്ന് ഉറപ്പും നൽകി. സംശയം തോന്നിയ അഡ്വ. കുളത്തൂർ ജയ്‌സിംഗ് ഫോണിൽ യതീഷ് ചന്ദ്രയെ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്‍റെ മേസേജ് അല്ല എന്നറിയുന്നത്. തുടർന്ന് കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സംഭവത്തില്‍ കേസ് എടുക്കുകയും പിന്നീട് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് അന്വേഷണം നടത്തവേയാണ് കെ.സി.വേണുഗോപാൽ എം.പിയുടെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഹരിപ്പാട്ടെ അഭിഭാഷകനായ ശിവപ്രസാദിന് സമാന സ്വഭാവമുള്ള മെസേജ് ലഭിച്ചത്. ഹരിപ്രസാദും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന അന്വേഷണത്തിലാണ് പൊലീസ്.