ഗാസ: ഗാസയിലെമ്പാടും ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി. 48 മണിക്കൂറിനിടെ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യം ആക്രമിച്ച പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തകരിൽ 15 പേരുടെ മൃതദേഹം കണ്ടെടുത്തു. ഒരാഴ്ച മുൻപ് തെക്കൻ ഗാസയിലെ റഫായിലാണ് ഇവരുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്. റഫായിൽനിന്ന് ഒഴിയണമെന്ന് ഇസ്രയേൽ അറിയിപ്പുണ്ട്. പലായനം ചെയ്യുന്നവരെയും വെടിവയ്ക്കുകയാണെന്നാണും റിപ്പോർട്ടുണ്ട്. ഇവിടെ ഉടൻ സൈന്യമിറങ്ങി ആക്രമണം തുടങ്ങുമെന്നാണു സൂചന.
വടക്കൻ ഗാസയിൽ ബെയ്റ്റ് ലഹിയയിൽ ഭൂമിക്കടിയിൽ ഒരു കിലോമീറ്റർ നീളമുള്ള തുരങ്കം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. മേഖലയിൽ റോക്കറ്റ് നിർമാണ കേന്ദ്രവും വിക്ഷേപണ സംവിധാനങ്ങളും കണ്ടെത്തിയതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഗാസയിലെ ഭക്ഷ്യക്ഷാമത്തെപ്പറ്റി യുഎൻ ഫുഡ് ഏജൻസി വീണ്ടും മുന്നറിയിപ്പു നൽകി. തെക്കൻ ഗാസയിലെ ബേക്കറികൾ പലതും പ്രവർത്തനം അവസാനിപ്പിച്ചു. ഗാസയിലെ ആക്രമണങ്ങളിൽ ഇതുവരെ 1402 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു.