Health

പാരസെറ്റമോൾ‍ ഒത്തിരി കഴിക്കല്ലേ! വൃക്ക മാത്രമല്ല, ഈ അവയവത്തിനും ദോഷം ചെയ്യും | Paracetamol

70 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോള്‍

ചിലര്‍ക്ക് എന്തിനുമുള്ള പ്രതിവിധിയാണ് പാരസെറ്റമോള്‍. പാരസെറ്റമോള്‍ ഉപദ്രവകാരിയല്ലെന്ന ആത്മവിശ്വാസത്തിലാണ് ഇത് കഴിക്കുന്നത്.   70 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോള്‍. പനിക്കും ശരീരംവേദനയ്ക്കും പ്രതിവിധിയാണ് പാരസെറ്റമോള്‍. മരുന്നുകഴിച്ച് 30 മിനിറ്റിനുള്ളില്‍ തന്നെ പനിയും ശരീരവേദനയും കുറഞ്ഞുതുടങ്ങുകയും ചെയ്യും. 4 മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് ഇതിന്റെ ഗുണം ലഭിക്കുക.

പൊതുവെ ഉപദ്രവകാരിയല്ലാത്തതിനാല്‍ തന്നെ പനിയോ, മേലുവേദനയോ വരുമ്പോഴേക്കും ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങിക്കഴിക്കുകയും ചെയ്യും.എന്നാല്‍ എന്തിനും ഏതിനും പാരസെറ്റമോള്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വേദനസംഹാരികളുടെ അമിത ഉപയോഗം വൃക്കകളെ ബാധിക്കുമെന്നാണ് പൊതുവായി എല്ലാവരും പറയാറുള്ളത്. എന്നാല്‍ വൃക്കയെയല്ല പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് കരളിനെ ബാധിക്കുമെന്നാണ് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടറായ ഡോ.മനോജ് ശര്‍മ പറയുന്നത്. കൃത്യമായ നിര്‍ദേശത്തോടെയല്ലാതെ പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിഷമയമാകുന്നതിന് കാരണമാകുമെന്നും ലിവര്‍ ഫെയ്‌ലറിലേക്ക് വരെ നയിച്ചേക്കാമെന്നുമാണ് ഡോക്ടര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പാരസെറ്റമോളിനോട് അലര്‍ജിയുള്ളവര്‍ ഒരിക്കലും ഇത് കഴിക്കരുത്. പാരസെറ്റമോള്‍ അടങ്ങിയിരിക്കുന്ന മരുന്ന് കഴിക്കുമ്പോഴും ഇത് വീണ്ടും കഴിക്കരുത്. കരള്‍ രോഗങ്ങള്‍, വൃക്ക രോഗം, അളവില്‍ കൂടുതല്‍ മദ്യം കഴിച്ചവര്‍, ഭാരക്കുറവ് ഉള്ളവര്‍ എന്നിവ പാരസെറ്റമോള്‍ കഴിക്കുന്നതിന് മുന്‍പായി നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടിയിരിക്കണം.

പാരസെറ്റമോളിന്റെ തുടര്‍ച്ചയായ ഉപയോഗം തളര്‍ച്ച, ശ്വാസം ലഭിക്കാതെ വരിക, ചുണ്ടുകളും വിരലുകളും നീല നിറമാകുക, അനീമിയ, ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരാണെങ്കില്‍ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമായേക്കാം.

content highlight: Paracetamol