തിരുവനന്തപുരം: സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്നാണ് എൻ പ്രശാന്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഒപ്പം കൊഴിഞ്ഞ റോസാ ദളങ്ങളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തു. ‘സംതിങ് ന്യൂ ലോഡിങ്’ എന്ന ഹാഷ് ടാഗും ഒപ്പം ചേർത്തിട്ടുണ്ട്.
ഐഎഎസ് ചേരിപ്പോരിൽ ആറുമാസമായി സസ്പെൻഷനിലാണ് പ്രശാന്ത്. അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്‍റെ പേരിലാണ് എൻ. പ്രശാന്ത് ഐഎഎസിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നൽകിയിരുന്നു.
ഇതിനു മറുപടി നൽകാതെ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകൾ നൽകി. തനിക്കെതിരെ ആരാണ് പരാതി നൽകിയത്,തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ സ്ക്രീൻഷോട്ട് ആരാണ് എടുത്തത് തുടങ്ങി 7 ചോദ്യങ്ങൾ ആയിരുന്നു പ്രശാന്ത് ഉന്നയിച്ചത്. ഇതിനു മറുപടി നൽകിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നൽകാമെന്ന നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്.