വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയും ആരോഗ്യവും സൗഖ്യവുമേകുന്ന നിരവധി സംയുക്തങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നര മുതൽ രണ്ടു കപ്പ് വരെ പഴങ്ങൾ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ദിവസവും പഴങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ പതിവായി പഴങ്ങൾ കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശക്തിയേറിയ ആന്റിഓക്സിഡന്റുകൾ പഴങ്ങളിൽ അടങ്ങിയതിനാൽ ഇത് ചർമത്തിലെ കോശങ്ങൾക്ക് ക്ഷതം വരാതെ സംരക്ഷിക്കുന്നു. മിക്ക പഴങ്ങളിലും ജലാംശം ധാരാളമുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
പോഷകങ്ങൾ ധാരാളം അടങ്ങിയതിനാൽ ഒരു ബൗൾ നിറയെ പഴങ്ങൾ പതിവായി കഴിക്കുന്നത് നിരവധി ഗുരുതര രോഗങ്ങളിൽ നിന്ന് സംരക്ഷണമേകും. ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കും. വ്യത്യസ്ത നിറങ്ങളിലുള്ള പലതരം പഴങ്ങൾ കഴിക്കുന്നത് ചെറുപ്പം നിലനിർത്താൻ സഹായിക്കും. ദിവസവും പഴങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.