മധുരം കഴിക്കാൻ ഇഷ്ടമാണോ? വീട്ടില്‍ റവ ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിലൊരു കേസരി ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റവ കേസരി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- റവ – ഒരു കപ്പ്
- ഏലയ്ക്കാ പൊടിച്ചത് – ഒരു ടീസ്പൂണ്‍
- നെയ്യ് – കാല്‍ കപ്പ്
- പഞ്ചസാര – ഒന്നര കപ്പ്
- കശുവണ്ടി, മുന്തിരി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ കാല്‍ക്കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് കശുവണ്ടി, മുന്തിരി എന്നിവ ചേര്‍ത്ത് നന്നായി ഒന്ന് മൂപ്പിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിലേക്ക് ഒരു കപ്പ് റവ ചേര്‍ത്ത് ചെറുതായി മൂത്തുവരുമ്പോള്‍ നന്നായി തിളച്ച വെള്ളം രണ്ട് കപ്പ് ചേര്‍ത്ത് ചെറുതീയില്‍ ഒന്ന് വേവിച്ചെടുക്കാം. ഇനി ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കാം. ഒരു സ്പൂണ്‍ ഏലയ്ക്കാ പൊടിച്ചത് കൂടി ചേര്‍ക്കാം. ഇനി ഇതിലേക്ക് വറത്തു വച്ചിരിക്കുന്ന കശുവണ്ടി, മുന്തിരി എന്നിവ കൂടി ചേര്‍ത്ത് വിളമ്പാം.