ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിക്കുന്ന കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് വീണാ ജോർജിന്റെ പ്രതികരണം. നേരത്തെ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച്ച നടത്താൻ അനുമതി തേടിയെങ്കിലും കഴിഞ്ഞിരുന്നില്ല.
‘ആശമാരുടെ പൊതുവായ പ്രശ്നങ്ങൾ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭ്യർഥനകൾ അദ്ദേഹത്തെ അറിയിച്ചു. ഇൻസെന്റീവ് വർധിപ്പിക്കുന്നതും ആശമാരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ സംസാരിച്ചു. ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അതു പരിശോധിക്കുന്നുണ്ടെന്നും.’ മന്ത്രി അറിയിച്ചു.
2023–24ലെ ഫണ്ട് കുടിശ്ശിക ലഭ്യമാക്കൽ, കാസർകോടും വയനാടും മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിനുള്ള പിന്തുണ, ഓൺലൈൻ ഡ്രഗ്സ് വിൽപന എന്നിങ്ങനെയുള്ള വിഷയങ്ങളും മന്ത്രിയുമായി സംസാരിച്ചു. കൂടാതെ കേരളത്തിന് എയിംസിന്റെ കാര്യവും മന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ പ്രതികരണത്തിൽ പ്രതീക്ഷയുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
STORY HIGHLIGHT: incentives increase for asha workers