ഗുജറാത്തിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 18 മരണം. 5 പേരെ രക്ഷപ്പെടുത്തി. ഒട്ടേറെ തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. ബനാസ്കാന്ത ജില്ലയിലെ ദീസ മേഖലയിലുള്ള പടക്കനിർമാണശാലയിലാണു സ്ഫോടനമുണ്ടായത്. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് നിഗമനം. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
ഇവിടെ ഗോഡൗൺ നടത്താൻ മാത്രമാണു ഉടമയ്ക്ക് അനുമതിയുണ്ടായിരുന്നത്. എന്നാൽ അനധികൃതമായി ഇവിടെ പടക്കനിർമാണവും നടത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു.
STORY HIGHLIGHT: gujarat fireworks factory explosion