ഉയരം കൂടുംതോറും കൊടുമുടികളിലെ കാഴ്ചകളുടെ ഭംഗിയും കൂടുമല്ലോ… അത്തരത്തിൽ ഒരല്പം സാഹസികതയും ഉയരങ്ങളിലേ ഭംഗിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണ് കാഞ്ചന്‍ജംഗ. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചന്‍ജംഗ. സമുദ്ര നിരപ്പില്‍ നിന്നും 8586 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലായി ഹിമാലയത്തിലാണ് കാഞ്ചന്‍ജംഗ സ്ഥിതി ചെയ്യുന്നത്. മഞ്ഞിലെ അഞ്ച് നിധികള്‍ എന്നാണ് കാഞ്ചന്‍ജംഗ എന്നവാക്കിന്റെ അര്‍ത്ഥം. സ്വര്‍ണ്ണം, വെള്ളി, രത്‌നങ്ങള്‍, ധാന്യങ്ങള്‍, പുണ്യ പുസ്‌തകങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന അഞ്ച് കൊടുമുടികള്‍ ഇവിടെയുണ്ട്.
അഞ്ച് കൊടുമുടികളില്‍ മൂന്നെണ്ണം അതായത് പ്രധാനപ്പെട്ടത് മധ്യത്തിലുള്ളത്, തെക്കുള്ളത് എന്നിവ ഇന്ത്യയിലെ സിക്കിമിന്റെയും നേപ്പാളിലെ താപ്ലെജംഗിലെയും അതിര്‍ത്തികള്‍ പങ്കിടുന്നു. മറ്റ് രണ്ടെണ്ണം പൂര്‍ണ്ണമായും നേപ്പാളിലാണ്. കാഞ്ചന്‍ജംഗ മേഖലയില്‍ 23,000 അടി ഉയരം വരുന്ന പന്ത്രണ്ടിലേറെ കൊടുമുടികള്‍ ഉണ്ട്. ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍ രാജ്യങ്ങള്‍ പങ്കിടുന്നതാണ് കാഞ്ചന്‍ജംഗ ഭൂപ്രദേശം. മൊത്തം 2329 ചതുരശ്ര മീറ്റര്‍ വരുന്ന 14 സംരക്ഷിത മേഖലകള്‍ ഇവിടെയുണ്ട്. അപൂര്‍വ ഇനത്തില്‍പ്പെട്ട വിവിധ സസ്യ ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. കാഞ്ചന്‍ജംഗയ്‌ക്ക് രസകരമായൊരു ചരിത്രമുണ്ട്. 1852 വരെ കരുതപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കാഞ്ചന്‍ജംഗയാണന്നാണ്. 1849 ല്‍ ഇന്ത്യയില്‍ നടന്ന ട്രിഗണോമെട്രിക് സര്‍വെയ്‌ക്ക് ശേഷം വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏറ്റവും വലിയ കൊടുമുടി മൗണ്ട് എവറസ്റ്റ് ആണന്ന് പ്രഖ്യാപിച്ചു. എന്നാല്‍, 1856 ലാണ് കാഞ്ചന്‍ജംഗ മൂന്നാംസ്ഥാനത്തേയ്‌ക്ക് ഔദ്യോഗികമായി മാറ്റപ്പെടുന്നത്.
ഡാര്‍ജലിങില്‍ നിന്നുള്ള അതിമനോഹര ദൃശ്യത്താല്‍ കാഞ്ചന്‍ജംഗ ലോക പ്രശസ്‌തമാണ്. കൊടുമുടിയുടെ സ്വാഭാവിക ഭംഗി നശിക്കാതിരിക്കാന്‍ ഇവിടേയ്‌ക്ക് കയറുന്നതിനുള്ള അനുവാദം വളരെ അപൂര്‍വമായിട്ടേ നല്‍കാറുള്ളു. ദിവസത്തിലെ പല സമയങ്ങളില്‍ പല നിറങ്ങളാണിവിടെയെന്ന് പറയപ്പെടാറുണ്ട്. ഡാര്‍ജിലിങ് യുദ്ധ സാമാരകം കാഞ്ചന്‍ജംഗ മലനിരകളുടെ ദൃശ്യഭംഗി ഉയര്‍ത്തുന്നു. തെളിഞ്ഞ ദിവസങ്ങളില്‍ മലനിരകള്‍ കണ്ടാല്‍ ആകാശത്ത് നിന്ന് വെള്ള ഭിത്തി തൂങ്ങി കിടക്കുകയാണന്ന് തോന്നും. സിക്കിം നിവാസികള്‍ പുണ്യ മലനിരകളായാണ് ഇവയെ കണക്കാക്കുന്നത്. ഗൊയേക്ക ല ട്രക്ക് , ഗ്രീന്‍ ലേക്ക് ബേസിന്‍ തുടങ്ങിയ ട്രക്കിങ് പാതകള്‍ പ്രശസ്‌തമായി തുടങ്ങിയിട്ടേയുള്ളു.
STORY HIGHLIGHTS : A journey to Kanchenjunga, the third highest peak in the world