Travel

ആരെയും വലിച്ചടുപ്പിക്കുന്ന കാന്തികശക്തി; മോഹിപ്പിയ്ക്കുന്ന പ്രകൃതിഭംഗിയുമായി കര്‍ജാത് | Karjat with its enchanting natural beauty

ആദ്യകാഴ്ചയില്‍ത്തന്നെ ആരും കര്‍ജാത്തിനെ പ്രണയിച്ചുപോകും

സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിരേകുന്ന മനോഹരങ്ങളായ ഹില്‍ സ്‌റ്റേഷനുകളില്‍ ഏറെയും പശ്ചിമഘട്ടത്തിലാണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലാണെങ്കിലും ഈ ക്രഡിറ്റ് സഹ്യാദ്രിയ്ക്കുള്ളതുതന്നെയാണ്. മനോഹരമായ കാലാവസ്ഥയും മോഹിപ്പിയ്ക്കുന്ന പ്രകൃതിഭംഗിയുമുള്ള ഒട്ടേറെ സ്ഥലങ്ങളുണ്ട് മഹാരാഷ്ട്രയിലെ സഹ്യാദ്രി നിരകളില്‍. ഇക്കൂട്ടത്തിലൊന്നാണ് റായ്ഗഡ് ജില്ലയിലെ കര്‍ജാത് എന്ന സ്ഥലം. ആരെയും തന്നിലേയ്ക്ക് വലിച്ചടുപ്പിക്കാനുള്ള കാന്തികശക്തിയുണ്ട് ഇവിടുത്തെ പ്രകൃതി ഭംഗിയ്ക്ക്. ആദ്യകാഴ്ചയില്‍ത്തന്നെ ആരും കര്‍ജാത്തിനെ പ്രണയിച്ചുപോകും.

മലനിരകളുടെ ഭംഗിയ്‌ക്കൊപ്പം തന്നെ ഇതിലെയൊഴുകുന്ന ഉല്‍ഹാസ് നദിയും കര്‍ജാത്തിന്റെ മോടി കൂട്ടുന്ന ഘടകമാണ്. ഏതൊരു ഹില്‍ സ്‌റ്റേഷനുമെന്നപോലെ പച്ചപുതച്ചുകിടക്കുന്ന പ്രകൃതിയും വെള്ളച്ചാട്ടങ്ങളും പാറകള്‍ നിറഞ്ഞ കുന്നിന്‍ പുറങ്ങളും തന്നെയാണ് കര്‍ജാത്തിന്റെയും പ്രത്യേകത. മുംബൈ നഗരത്തില്‍ നിന്നും ഏതാണ്ട് 67 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. മുംബൈയുടെ തിരക്കില്‍പ്പെട്ട് ശ്വാസം മുട്ടുന്നവര്‍ക്ക് ഒരു അനുഗ്രഹമാണ് കര്‍ജാത്ത്. അല്‍പം ശുദ്ധവായും ശ്വസിയ്ക്കാനും, നഗരത്തിന്റെ കോണ്‍ക്രീറ്റ് കാടുകളില്‍ നിന്ന് രക്ഷപ്പെടാനുമായി ഒട്ടനവധി പേരാണ് കര്‍ജാത്തിലെത്തുന്നത്. അല്‍പം സാഹസികത ഇഷ്ടമുള്ളവര്‍ക്ക് കര്‍ജാത്തില്‍ ഒരുപാട് വിനോദങ്ങളില്‍ ഏര്‍പ്പെടാം.

ഇനി സാഹസികതയ്‌ക്കൊന്നും താല്‍പര്യമില്ലെന്നാണെങ്കില്‍ കര്‍ജാത്തിന്റെ അങ്ങനെ നോക്കിയും കണ്ടും അനുഭവിയ്ക്കുകയെന്നതുതന്നെ വളരെ രസമുള്ള കാര്യമാണ്. മഹാരാഷ്ട്രയിലെ അഡ്വഞ്ചര്‍ വിനോദങ്ങളുടെ തലസ്ഥാനമെന്നാണ് പൊതുവേ ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുള്ളത്. താമസത്തിനാണെങ്കിലും കര്‍ജാത്തില്‍ ഒട്ടേറെ സ്ഥലങ്ങളുണ്ട്. മലയോര റിസോര്‍ട്ടുകളും മറ്റും ഒട്ടേറെ സാഹസിക വിനോദങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ട്രിക്കിങ് പ്രിയരെ സംബന്ധിച്ച് കര്‍ജാത്ത് ഒരു പറുദീസതന്നെയാണ്. ട്രക്കിങ്ങിലെ തുടക്കക്കാര്‍ക്കും എക്‌സേപേര്‍ട്ടുകള്‍ക്കുമെല്ലാം മികച്ച അനുഭവമായിരിക്കും ഇവിടെ ലഭിയ്ക്കുക. വെല്ലുവിളികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രകൃതി ഏറെ സാധ്യതകളാണ് ഇവിടെ കരുതിവച്ചിരിക്കുന്നത്. പ്രകൃതിയുടെ മനോഹാരിതയിലൂടെയാണ് ട്രക്കിങ് പാതകള്‍ കടന്നുപോകുന്നത്.

ഉല്‍ഹാസ് നദിയിലെ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങാണ് സാഹസികരെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു വിനോദം. ഇതൊന്നും കൂടാതെ വെറുതെ നടന്നു സ്ഥലങ്ങള്‍ കാണാനിഷ്ടപ്പെടുന്നവര്‍ക്കായി പെത്ത് ഫോര്‍ട്ട്. കൊണ്ടാന കേവ്‌സ് തുടങ്ങിയ സ്ഥലങ്ങളുണ്ട്. കൊണ്ടാന ഗുഹകളിലെ ചുവര്‍ചിത്രങ്ങളും കൊത്തുപണികളുമെല്ലാം ആരെയും ആകര്‍ഷിയ്ക്കുന്നും വിസ്മയിപ്പിക്കുന്നതുമാണ്. പെത്ത് കോട്ടയ്ക്ക് മുകളില്‍ കയറിയാല്‍ കര്‍ജാത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാന്‍ കഴിയും. സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന കര്‍ജാത്ത് വിവിധതരത്തില്‍പ്പെട്ട സസ്യലതാദികളുടെയും പക്ഷിമൃഗാദികളുടെയും ആവാസവ്യവസ്ഥ കൂടിയാണ്.

STORY HIGHLIGHTS :  karjat-with-its-enchanting-natural-beauty