India

വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും; എതിർക്കാൻ ഇന്ത്യാ മുന്നണി

ന്യൂഡല്‍ഹി: സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിൽ അവതരിപ്പിക്കുക. വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് ചേരും.

പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും എതിർപ്പിനിടെയാണ് പരിഷ്കരിച്ച വഖഫ് ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കെ കാര്യോപദേശക സമിതി യോഗത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടത്. വിവിധ പാർട്ടികൾ തങ്ങളുടെ അംഗങ്ങൾക്ക് ഇന്ന് സഭയിൽ ഹാജരാകാനായി ത്രീ ലൈൻ വിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് ഇൻഡ്യ സഖ്യത്തിന് തീരുമാനം.

ഇന്ന് സഭാ നടപടികൾക്ക് മുന്നോടിയായി കോൺഗ്രസ് എംപിമാരുടെ യോഗം രാഹുൽ ഗാന്ധി വിളിച്ചിട്ടുണ്ട്. ഇന്നലെ കെ.സി വേണുഗോപാലിന്റെ വസതിയിൽ യുഡിഎഫ് എംപിമാരുടെ യോഗം ചേർന്നിരുന്നു. ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനം ഉണ്ടായാലും കരുതലോടെ നേരിടാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.