തൃശൂര്‍:ജാതി വിവേചന വിവാദത്തിന് പിന്നാലെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസിലെ കഴകക്കാരൻ ബാലു രാജിവച്ചു. ഇന്ന് പുലര്‍ച്ചെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജി എന്ന് മാത്രമാണ് കത്തിലുള്ളത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകിയിരുന്നു. ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണമെന്നാണ് വിമര്‍ശനം.