സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ ഇന്ന് പതാക ഉയരും. രാവിലെ 8നു മുതിർന്ന നേതാവ് ബിമൻ ബോസ് പതാക ഉയർത്തും. 10.30ന് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെ വിവിധ ഇടതുനേതാക്കളും പങ്കെടുക്കും.
രാഷ്ട്രീയ പ്രമേയ റിപ്പോർട്ടും, രാഷ്ട്രീയ അവലോകന റിപ്പോർട്ടും പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പി ബി അംഗം ബി വി രാഘവലു ആണ് സംഘടനാ രേഖ അവതരിപ്പിക്കുക. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള കലാപ്രവർത്തകരുടെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 53 വർഷത്തിനുശേഷമാണു പാർട്ടി കോൺഗ്രസിനു മധുര വേദിയാകുന്നത്. ഈ മാസം ആറിന് നടക്കുന്ന പൊതു സമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും.