ജറുസലം: ലബനനിൽ തെക്കൻ ബെയ്റൂട്ടിലെ ദാഹിയയിൽ ഇസ്രയേൽ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് അടക്കം 4 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. ഹിസ്ബുല്ലയുടെ പലസ്തീൻ കാര്യ ചുമതലയുള്ള ഹസൻ ബദേറിനെയാണു ലക്ഷ്യമിട്ടതെന്നു ലബനൻ അധികൃതർ പറഞ്ഞു. വെടിനിർത്തൽ ലംഘിച്ചു ഒരാഴ്ചയ്ക്കിടെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഹമാസിനെ സഹായിക്കുന്ന ഹിസ്ബുല്ല നേതാവിനെയാണു വധിച്ചതെന്ന് ഇസ്രയേൽ പ്രസ്താവിച്ചു. ഇസ്രയേൽ ആക്രമണത്തെ ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ അപലപിച്ചു. 4 മാസം മുൻപാണ് ഹിസ്ബുല്ല– ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.