കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്‍റേയും പ്രോസിക്യൂഷൻ്റേയും വാദം പൂർത്തിയായിരുന്നു. മരിക്കുന്നതിന് തലേദിവസം ഷൈനിയെ ഭർത്താവ് നോബി ഫോൺ വിളിച്ചിരുന്നു എന്നും നോബിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനം കാരണമാണ് ഷൈനി മക്കളെ കൂട്ടി ആത്മഹത്യ ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ജാമ്യം നൽകിയാൽ പ്രതി തെളിവുകൾ നശിപ്പിക്കുമെന്നും രാജ്യം വിടുമെന്നും പൊലീസും കോടതിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹർജി നൽകയിട്ടുണ്ട്.
ഫെബ്രുവരി 28നാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും (11), ഇവാനയും (10) ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവ് നോബി ലൂക്കോസുമായി വേര്‍പിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്.
പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. നിര്‍ത്താതെ ഹോണ്‍ മുഴക്കി വന്ന ട്രെയിനിന് മുന്നില്‍ നിന്നും മൂവരും മാറാന്‍ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്‌സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.