മാമ്പഴം വളരെ രുചികരവും പോഷക ഗുണങ്ങൾ നിറഞ്ഞതുമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോഗികൾക്ക് ഏതൊക്കെ പഴങ്ങൾ കഴിക്കാം? പ്രമേഹമുള്ളവർക്ക് ഡയറ്റിൽ മാമ്പഴം ഉൾപ്പെടുത്താമോ? ഇതിനെ സംബന്ധിച്ച് നിരവധി വാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ മധുരമുള്ള ഫലമായതിനാൽ പ്രമേഹരോഗികൾ മാങ്ങ കഴിക്കുമ്പോള്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ ദിവസം ഒരു മാങ്ങയിൽ കൂടുതൽ കഴിക്കരുത്. ഒരു മീഡിയം വലുപ്പമുള്ള മാങ്ങയിൽ ഏകദേശം 50ഗ്രാം കാർബോഹൈഡ്രേറ്റാണ് ഉള്ളത്. അതുകൊണ്ട് തന്നെ അര മുതൽ ഒരു മാങ്ങ വരെ കഴിക്കുന്നത് പ്രശ്നമുണ്ടാക്കില്ല. കൂടുതൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
മാങ്ങ കഴിക്കുമ്പോൾ ഒപ്പം മറ്റ് പോഷണങ്ങൾ കൂടി ശരീരത്തിലെത്തണം. അതിനായി ചിയ സീഡും നാരങ്ങാനീരും ചേർത്ത ഒരു ഗ്ലാസ് വെള്ളമോ കുതിർത്ത ബദാം, വാൾനട്ട് എന്നിവയോ മാങ്ങ കഴിക്കുന്നതിനു മുൻപ് ഭക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാനാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തണമെങ്കിൽ ശരിയായ സമയത്ത് വേണം മാങ്ങ കഴിക്കാൻ. ധാരാളം നടക്കുകയോ വർക്ഔട്ട് പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിനോ മുൻപ് കഴിക്കാവുന്നതാണ്.