Food

വളരെ എളുപ്പത്തിൽ ഒരു മാമ്പഴ കാളന്‍ തയ്യാറാക്കാം

ഈ മാമ്പഴക്കാലത്ത് ഒരു കിടിലൻ മാമ്പഴ കാളന്‍ ഉണ്ടാക്കിയാലോ? എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി. വളരെ എളുപ്പത്തിൽ മാമ്പഴ കാളന്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ ചേരുവകൾ

  • അധികം പഴുക്കാത്ത മാങ്ങ -രണ്ട് കപ്പ് (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്)
  • പച്ചമുളക് കീറിയത് – അഞ്ചെണ്ണം
  • മുളകുപൊടി – ഒരു ടീസ്പൂണ്‍
  • തൈര് ഉടച്ചെടുത്തത്- എട്ട് കപ്പ്
  • തേങ്ങ ചിരകിയത്- രണ്ട് കപ്പ്
  • ജീരകം – ഒരു നുള്ള്
  • വെളിച്ചെണ്ണ -നാല് ടേബിള്‍സ്പൂണ്‍
  • കടുക് – ഒന്നര ടീസ്പൂണ്‍
  • ഉലുവ – ഒരു നുള്ള്
  • വറ്റല്‍ മുളക് – ആറെണ്ണം (മുറിച്ചത്)
  • കറിവേപ്പില – നാല് തണ്ട്

തയ്യാറാക്കുന്ന വിധം

ആദ്യം മാങ്ങയും പച്ചമുളകും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങയും ജീരകവും ഒരുമിച്ച് അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില ഇവ മൂപ്പിക്കുക. അതിലേക്ക് തേങ്ങയും ജീരകം അരച്ചതും ചേര്‍ക്കാം. അതിന് ശേഷം വേവിച്ചു വെച്ചിരിക്കുന്ന മാങ്ങയും തൈരും മുളകുപൊടിയും ചേര്‍ത്ത് പിരിഞ്ഞു പോകാതെ ഇളക്കി തിളപ്പിക്കുക. വറ്റിവരുമ്പോൾ വാങ്ങി വെക്കാം. വളരെ ടേസ്റ്റിയായ മാമ്പഴ കാളന്‍ തയ്യാർ.