തിരുവനന്തപുരം: സർവ്വകലാശാലയിലെ എംബിഎ മൂന്നാംസെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്ന് ഉത്തര കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകൻ.
തന്റെ വീഴ്ച കൃത്യമായി സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടിയെടുക്കുന്നതിൽ സർവ്വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്നും അധ്യാപകൻ പറഞ്ഞു. പരീക്ഷ നടത്തിപ്പിലും, മൂല്യനിർണയത്തിലും കാണിക്കുന്ന മെല്ലെപ്പോക്ക് വിവരമറിയിച്ചപ്പോഴും സർവ്വകലാശാല കാണിച്ചുവെന്നും അധ്യാപകൻ പറഞ്ഞു.
സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന തെറ്റെന്നും അധ്യാപകൻ വ്യക്തമാക്കി. അതേസമയം ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അന്വേഷണ വിധേയമായി അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഏപ്രിൽ നാലിന് സർവകലാശാലയിൽ ഹാജരാകാനും അധ്യാപകന് നിർദേശം നൽകിയിട്ടുണ്ട്.