പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് കൂർക്കംവലി. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സമുണ്ടാകുന്നതാണ് കൂർക്കംവലി എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഉറക്കക്കുറവ്, ഭക്ഷണക്രമം, അമിതവണ്ണം, മൂക്കിന്റെ ആകൃതി, ടോൺസിലൈറ്റിസ്, അല്ലെങ്കിൽ സ്ലീപ് അപ്നിയ മുതലായവയും കൂർക്കംവലിയിലേക്ക് വഴിതെളിക്കുന്ന ചില കാരണങ്ങളാകാം.
ജലദോഷവും മൂക്കടപ്പും കഫക്കെട്ടും ഉള്ളപ്പോൾ നമ്മളിൽ മിക്കവാറും ആളുകൾ കൂർക്കം വലിക്കാറുണ്ട്. അമിതവണ്ണം, പ്രത്യേകിച്ച് കഴുത്തിന്റെ ഭാഗത്തുള്ളതും വില്ലനാകാറുണ്ട്. ഭക്ഷണത്തിൽ ചില ക്രമീകരണങ്ങൾ നടത്തിയാൽ കൂർക്കം വലി കുറയ്ക്കാം.
അൽപ്പം ചൂടുള്ള വെള്ളത്തിൽ രണ്ടുമൂന്നു തുള്ളി കർപ്പൂരതുളസി എണ്ണ കലക്കുക. ഉറങ്ങാൻ പോകുന്നതിനു മുൻപ് കുലുക്കുഴിയുക. ഇത് മൂക്കിനുള്ളിലും തൊണ്ടയിലും ഉണ്ടാവുന്ന കഫം ഇല്ലാതാക്കുകയും അത് വഴി ശ്വാസതടസ്സം ഇല്ലാതാക്കുകയും ചെയ്യുന്നു.
വിറ്റാമിൻ-സി അടങ്ങിയ ധാരാളം പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഓറഞ്ച്, നാരങ്ങ, പൈനാപ്പിൾ എന്നിവയൊക്കെ വിറ്റാമിൻ-സി അടങ്ങിയിട്ടുള്ള പഴങ്ങളാണ്. ഇത് കൂർക്കംവലി ഇല്ലാതാക്കാൻ സഹായിക്കുന്നു.
കഫക്കെട്ട് നിയന്ത്രിക്കുന്നതിനും മൂക്കടപ്പ് മാറ്റുന്നതിനും കിടക്കുന്നതിനു മുൻപ് നേരിയ കടുപ്പത്തിൽ ബ്ലാക്ക് ടീ, ഇഞ്ചിയോ അല്ലെങ്കിൽ തേനോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ശ്വാസകോശ സംബന്ധമായ തടസ്സങ്ങൾ ഇല്ലാതാക്കാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലയ്ക്ക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൂർക്കംവലിക്ക് പരിഹാരമായി പറയപ്പെടുന്നു.
അതുപോലെ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ചൂടുപാലിൽ രണ്ടു ടീസ്പൂൺ മഞ്ഞൾ കലക്കി കുടിക്കുന്നത് നല്ലതാണ്.