ഇന്നത്തെ കാലത്ത് മുടി വൃത്തിയാക്കാന്‍ ഷാംപൂ പോലുള്ള വഴികളാണ് പലരും സ്വീകരിയ്ക്കുന്നത്. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ്. കാരണം കെമിക്കല്‍ സമ്പുഷ്ടമാണ് പല ഷാംപൂകളും. ഇവ താല്‍ക്കാലിക ഗുണവും ഭംഗിയും മുടിയ്ക്ക് നല്‍കുമെങ്കിലും ഇതിന്റെ പരിണിത ഫലങ്ങള്‍ അത്ര നന്നായിരിയ്ക്കില്ല.
മുടി കൊഴിയാനും വല്ലാതെ വരണ്ട് പോകാനും സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും നരയ്ക്കാനുമെല്ലാം ഇത് കാരണമാകുന്നു. ഇതിന് താളി പോലുള്ള പല കാര്യങ്ങളും പരിഹാരമായുണ്ടെങ്കിലും ഇതിനായി സമയം കളയാന്‍ ഇല്ലാത്തവരാണ് പലരും. ഇതിനാല്‍ തന്നെ വീട്ടില്‍ തന്നെ നമുക്ക് തയ്യാറാക്കാവുന്ന നാടന്‍ ഷാംപൂ പരിചയപ്പെടാം.
ആവശ്യമുള്ള വസ്തുക്കൾ
തണുത്ത തേയിലവെള്ളം – അരലിറ്റർ
ചെറുനാരങ്ങ – ഒന്ന്
അഞ്ചിതൾ ചെമ്പരത്തിപ്പൂവ്– മൂന്ന്
ചെമ്പരത്തി ഇല – രണ്ടുപിടി
മൈലാഞ്ചിയില – ഒരുപിടി
തുളസിയില – ഒരുപിടി
തയാറാക്കുന്ന വിധം
നാരങ്ങാ പിഴിഞ്ഞ് അതിന്റെ നീര് തേയിലവെള്ളത്തിൽ ചതച്ചു ചേർക്കുക. എല്ലാറ്റിന്റെയും നീര് പരമാവധി പിഴിഞ്ഞെടുക്കണം. ചതയ്ക്കുമ്പോൾ വെള്ളം ചേർക്കാൻ പാടില്ല. പിശിട് കളയണം. വേണമെങ്കിൽ അരിച്ചെടുക്കാം. ഇതു നന്നായി അടിച്ചുപതപ്പിക്കുക. അതിനുശേഷം തലയോട്ടിയിലും തലമുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനുശേഷം കഴുകി കളയുക. ഈ ഷാംപൂ തലയിൽ തേയ്ക്കുന്നതിന് പത്തുമിനിറ്റു മുമ്പ് തലയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ചിരിക്കണം.
ഈ പ്രക്രിയ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ആവർത്തിച്ചാൽ തലമുടികൊഴിച്ചിൽ, അകാലനര, എന്നിവ ഇല്ലാതാവുകയും തലയ്ക്കും കണ്ണുകൾക്കും നല്ല കുളിർമ അനുഭവപ്പെടുകയും ചെയ്യും. തലമുടിനാരുകൾക്ക് ബലം വരയ്ക്കുകയും സ്വാഭാവികമായ നിറവും തിളക്കവും ലഭിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും. ഈ പ്രയോഗം ഒന്നുരണ്ടു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടും.