തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലില്‍ പാര്‍ലമെന്റ് തീരുമാനം എടുക്കാനിരിക്കെ കേരളത്തിലെ കോണ്‍ഗ്രസിനെ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലാഴ്ത്തി കത്തോലിക്കാ സഭാ നേതൃത്വം.
ബില്ലിനെ അനുകൂലിക്കാനോ തള്ളിപ്പറയാനോ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. ‘കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മുനമ്പത്തെ ഭൂമി വിഷയം പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശം ഇല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അത് പാര്‍ലമെന്റില്‍ ഉറക്കെ പറഞ്ഞ് നിലപാട് പ്രഖ്യാപിക്കട്ടെ,’ എന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു.
‘പാര്‍ലമെന്റില്‍ ബില്ല് വരുമ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ നിലപാട് സ്വീകരിക്കട്ടെ. മുനമ്പത്തെ ജനങ്ങളുടെ സുരക്ഷയെ കരുതി ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറഞ്ഞത്. ഇത് കത്തോലിക്കരുടെ മാത്രം പ്രശ്നമല്ല മുനമ്പത്തെ മുഴുവന്‍ ജനങ്ങളുടെയും ആണ്,’ അദ്ദേഹം പറഞ്ഞു.