കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം. 2024 ഡിസംബര്‍ 7 മുതല്‍ 2025 മാര്‍ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്‍മ്മ പരിപാടിയില്‍ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്‌കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ആകെ 87,330 പേര്‍ക്കാണ് പരിശോധന നടത്തിയത്. അതില്‍ 71,238 പേര്‍ക്കും ആധുനിക മോളിക്യൂലര്‍ പരിശോധനായ സി.ബി.നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്താനായി. 18 ശതമാനം പേര്‍ക്ക് മാത്രമാണ് പഴയരീതിയിലുള്ള മൈക്രോസ്‌കോപ്പ് പരിശോധന നടത്തിയത്. അതേസമയം സംസ്ഥാനത്തെ നാറ്റ് പരിശോധന ശരാശരി 82 ശതമാനമാണ്.
മാത്രമല്ല 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടര്‍ചികിത്സ നല്‍കാനുമായി. ഇതിനുള്ള അംഗീകാരമായാണ് കേരളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ കേരളം നടത്തുന്ന ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നഡ്ഡ അഭിനന്ദിച്ചു. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. സര്‍ക്കാര്‍ മേഖലയോടൊപ്പം സ്വകാര്യ മേഖലയിലെയും ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന് 2022ലും 2023ലും സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2024ല്‍ 138 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡിന് അര്‍ഹത നേടി.
വയനാട്, ഇടുക്കി ജില്ലകളിലെ പകുതിയിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ഷയരോഗമുക്ത പദവിക്ക് അര്‍ഹത നേടിയിട്ടുണ്ട്. 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിപുലമായ ക്യാമ്പയിനാണ് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചത്. ഇതിലൂടെ പ്രിസന്റീവ് ടിബി എക്‌സാമിനേഷന്‍ നിരക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 1500ല്‍ നിന്ന് 2201 ആയി ഉയര്‍ത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 1,98,101 പേര്‍ക്ക് വിശദ പരിശോധന നടത്തി. അതില്‍ 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടര്‍ ചികിത്സ ഉറപ്പാക്കാനായി.
CONTENT HIGH LIGHTS; Kerala wins national award for best tuberculosis control: Union Health Minister commends efforts