Health

ആർത്തവം കൃത്യമല്ലേ ? എങ്കിൽ പ്രമേഹത്തിന് സാധ്യത… | Diabetes in women

പ്രമേഹമുള്ള സ്ത്രീകളിൽ മൂത്രനാളിയിലെ അണുബാധയും യോനിയിൽ യീസ്റ്റ് അണുബാധയും കൂടുതലായി കാണപ്പെടുന്നു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് പ്രമേഹത്തിന്റെ പിടിയിൽ ആയിരിക്കുന്നത്. പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ഇന്ന് പ്രായഭേദമന്യേ പ്രമേഹം ആളുകളിൽ പിടിമുറുക്കുന്നു. മരുന്നുകളെ മാത്രം ആശ്രയിക്കാതെ ജീവിതശൈലിയിലും ആഹാര ശൈലിയിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പ്രമേഹത്തെ വരുതിയിൽ ആക്കാൻ സാധിക്കും.

 

 

പ്രമേഹം സ്ത്രീകളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന അനിയന്ത്രിതമായ പ്രമേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

 

 

 

പ്രമേഹമുള്ള സ്ത്രീകളിൽ മൂത്രനാളിയിലെ അണുബാധയും യോനിയിൽ യീസ്റ്റ് അണുബാധയും കൂടുതലായി കാണപ്പെടുന്നു. അന്ധത, വൃക്കരോഗം, വിഷാദം തുടങ്ങിയ പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണതകൾക്കും സ്ത്രീകൾക്ക് സാധ്യത കൂടുതലാണ്.

 

 

പ്രമേഹമുള്ള സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവം സാധാരണമാണ്. പ്രത്യേകിച്ചും അവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നന്നായി നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും മരുന്നുകൾ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ സഹായിക്കും.

 

 

പ്രമേഹം സ്ത്രീകളിൽ ഹൃദ്രോഗസാധ്യത ഏകദേശം നാലിരട്ടി വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു‌. എന്നാൽ പുരുഷന്മാരിൽ രണ്ടിരട്ടി മാത്രമാണ് സാധ്യത. പ്രമേഹമുള്ള സ്ത്രീകളിൽ ഏകദേശം മൂന്നിൽ രണ്ട് ശതമാനം പേർ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നതായി വിദഗ്ധർ പറയുന്നു.

 

പ്രമേഹമുള്ള സ്ത്രീകൾക്ക് ആർത്തവവിരാമത്തിന് ശേഷം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത പ്രമേഹമില്ലാത്തവരേക്കാൾ കൂടുതലാണ്. പ്രമേഹമുള്ള സ്ത്രീകൾക്ക് ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകളുടെ (എച്ച്ഡിഎൽ) നല്ല കൊളസ്ട്രോളിന്റെ അളവ് കുറവാണ്. കൂടാതെ ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ അല്ലെങ്കിൽ കൊഴുപ്പുകൾ ശരീരത്തിൽ അടിഞ്ഞ് കൂടുന്നു.

 

 

പ്രമേഹം മാറ്റാൻ കഴിയില്ലെങ്കിലും അത് തീർച്ചയായും നിയന്ത്രിക്കാനാകും. ശരിയായ ഭക്ഷണക്രമം പിന്തുടരുക, പതിവ് ശാരീരിക വ്യായാമങ്ങൾ എന്നിവ പോലുള്ള കുറച്ച് ജീവിതശൈലി മാറ്റങ്ങളിലൂടെ ശരീരത്തെ പോഷകസമൃദ്ധവും ശരിയായ ജലാംശവും നിലനിർത്തുക. ജീവിതത്തിലുള്ള ഇത്തരം മാറ്റങ്ങൾ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Content Highlight: Diabetes in women