അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു. മേയില്‍ ഇടവമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചന. ദര്‍ശനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്ക് രാഷ്ട്രപതി ഭവന്‍ തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടുവെന്നാണ് സൂചന. മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പോലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങള്‍ തേടിയിരുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്. നിലയ്ക്കല്‍വരെ ഹെലികോപ്റ്ററില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് നിഗമനം. പമ്പയില്‍നിന്ന് സന്നിധാനംവരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്‌സിങ് സൂപ്രണ്ട് തേടിയിരുന്നു. എന്നാൽ രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
രാഷ്ട്രപതിയുടെ ദര്‍ശനവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക അറിയിപ്പാണ് ലഭിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ വ്യക്തമാക്കി. ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളിലെ ദര്‍ശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. പത്തംതിട്ട ജില്ലാ കളക്ടര്‍ അടക്കം അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
STORY HIGHLIGHT: president murmu sabarimala