പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല… ഇത്തരം സ്ഥലങ്ങളിലേയ്ക്കുമാത്രമായി യാത്രകള്‍ നടത്തുന്നവരുമുണ്ട്. പശ്ചിമഘട്ടത്തില്‍ ഇത്തരം സ്ഥലങ്ങള്‍ക്കാണെങ്കില്‍ ഒട്ടും പഞ്ഞമില്ല, എവിടേയ്ക്കുപോയാലുമുണ്ടാകും, പച്ചപ്പുമാറാത്ത, നേര്‍ത്ത തണുപ്പുമായി സഞ്ചാരികളെ കാത്തിരിക്കുന്ന സ്ഥലങ്ങള്‍. കര്‍ണാടകത്തിലെ ചികമംഗളൂര്‍ ജില്ലയിലെ കെമ്മനഗുണ്ടിയെന്ന സ്ഥലം ഇത്തരത്തിലൊന്നാണ്. മലനിരകളും, വെള്ളച്ചാട്ടങ്ങളും കാടും മേടുമുള്ള ഒന്നാന്തരമൊരു ഹില്‍ സ്‌റ്റേഷനാണിത്. കെമ്മനഗുണ്ടി പണ്ടേയ്ക്കു പണ്ടേ രാജാക്കന്മാരുടെ ഇഷ്ട താവളമായിരുന്നു.
കൃഷ്ണരാജ വോഡയാര്‍ അഞ്ചാമന്റെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. ഈ സ്ഥലം സൗന്ദര്യം ചോര്‍ന്നുപോകാതെ പരിപാലിയ്ക്കപ്പെട്ടതില്‍ ഈ രാജാവിന്റെ പങ്ക് ചെറുതല്ല. രാജാവിനോടുള്ള ആദരസൂചകമായി കെആര്‍ ഹില്‍സ് എന്നും കെമ്മനഗുണ്ടിയെ വിളിക്കുന്നുണ്ട്. ഇവിടേയ്ക്ക് മികച്ച റോഡുകള്‍ പണിതതും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന പൂന്തോട്ടങ്ങള്‍ പണിതതുമെല്ലാം കൃഷണരാജ വോഡായാറാണ്. സ്വന്തം ആവശ്യത്തിന് വേണ്ടിയായിരുന്നു ഇതെല്ലാം അദ്ദേഹം ചെയ്തതെങ്കിലും ഇന്നും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഉപകാരപ്പെടുകയാണിവയെല്ലാം. പിന്നീട് അദ്ദേഹം ഈ സ്ഥലം കര്‍ണാടക സര്‍ക്കാറിന് ദാനം ചെയ്യുകയായിരുന്നു. ഈ സ്ഥലം ഇപ്പോള്‍ കര്‍ണാടകത്തിലെ ഹോട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പക്കലാണ്.
ഒറ്റദിനം കൊണ്ട് ആകെ ചുറ്റിക്കളയാം എന്നു വിചാരിച്ചാല്‍ കെമ്മനഗുണ്ടി മുഴുവന്‍ കാണാന്‍ കഴിയില്ല. അത്രയേറെയുണ്ട് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മുപ്പത് മിനിറ്റ് മലകയറിയാല്‍ മലയുടെ ഏറ്റവും മുകളിലെത്താം. സെഡ് പോയിന്റ് എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. ഇവിടെയെത്തിയാല്‍ പരിസപ്രദേശങ്ങളുടെ മനോഹരമായ കാഴ്ച കാണാം, ഒപ്പം ശാന്തി ഫാള്‍സ് എന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയുമുണ്ട്. മറ്റൊന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം, രണ്ട് തട്ടുകളായിട്ടാണ് ഈ വെള്ളച്ചാട്ടം. ഇതുപോലെ തന്നെ കാലഹസ്തി ഫാള്‍സ്, കാലതഗിരി ഫാള്‍സ് എന്നിവയെല്ലാമുണ്ട് അടുത്തടുത്തായി. വിജയനഗര രാജാക്കന്മാരുടെ കാലത്ത് പണിത ഒരു ക്ഷേത്രം, മുല്ലയനഗിരി, ബാന്ദ്ര ടൈഗര്‍ റിസര്‍വ്വ് തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് ഇവിടെ. സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഇവിടെയെത്തിയാല്‍ നിരാശരാകേണ്ടി വരുകയേയില്ല. ആഴ്ചാവസാനമുള്ള ചെറുയാത്രകള്‍ക്ക് പറ്റിയ സ്ഥലമാണിവിടെ.
STORY HIGHLIGHTS : Kemmanagundi, the Queen of Mountains