ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ. 11 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് ബിൽ വോട്ടിനിട്ടത്. വോട്ടെടുപ്പ് നടപടികൾ വൈകിയതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എൻ.കെ പ്രേമചന്ദ്രൻ, ഗൗരവ് ഗൊഗോയ്, കെ.സി വേണുഗോപാൽ, ഇ.ടി മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവരുടെ ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 288 പേർ ബില്ലിനെ അനുകൂലിച്ചു. 232 പേർ എതിർത്തു. ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും.
ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബിൽ മുസ്‌ലിം സമുദായത്തിലെ സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ട്രൈബ്യൂണലുകളിലുണ്ട്. വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് ബില്ലിലൂടൈ പരിഹാരം കാണാനാവുമെന്ന് മന്ത്രി പറഞ്ഞു.
മുനമ്പം പ്രശ്‌നവും മന്ത്രി മറുപടി പ്രസംഗത്തിൽ പരാമർശിച്ചു. ബിൽ പാസാകുന്നതോടെ മുനമ്പത്തെ പ്രതിസന്ധി ഒഴിയുമെന്ന് മന്ത്രി പറഞ്ഞു. 600 കുടുംബങ്ങൾ തന്നെ വന്നു കണ്ടിരുന്നു. അവരുടെ ദുഃഖം നിങ്ങൾക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് തങ്ങളുടെ അടുത്ത് വന്നത്. ക്രൈസ്തവ സംഘടനകൾക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അവർ പ്രസ്താവനയിറക്കിയതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുസ്ലിങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വഖഫ് ബില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനക്കെതിരെ ആക്രമണം നടത്തുന്നുവെന്നും ഇത് മുസ്ലിമുകളെ ലക്ഷ്യം വച്ചുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാവിയില്‍ മറ്റ് സമുദായങ്ങളെയും ഇങ്ങനെ ലക്ഷ്യം വച്ചേക്കാമെന്നും കോണ്‍ഗ്രസ് നിയമ നിര്‍മ്മാണത്തെ ശക്തമായ എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ നീക്കങ്ങളില്‍ ഒന്നായിരുന്നു വഖഫ് ഭേദഗതി ബില്‍. ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങള്‍ക്കായി ദൈവത്തിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ല്‍ വഖഫുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ വഖഫ് ബോര്‍ഡുകളും കേന്ദ്ര തലത്തില്‍ വഖഫ് കൗണ്‍സിലും നിലവില്‍ വന്നു. 1995ല്‍ ഈ നിയമം റദ്ദാക്കി വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടര്‍ന്ന് 2013ല്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വഖഫിന്റെ പ്രവര്‍ത്തനം.
പുതിയ ഭേദഗതി നിയമപ്രകാരം മാറ്റം വരുന്നത് 44 വകുപ്പുകളിലാണ്. വഖഫ് നിയമത്തിന്റെ സെക്ഷന്‍ 3 ( ഐ )യില്‍ മാറ്റം വരും. ഭേദഗതി നിലവില്‍ വന്നാല്‍ കൃത്യമായ രേഖകള്‍ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാന്‍ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാന്‍ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും. മാത്രമല്ല, അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാള്‍ക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാന്‍ സാധിക്കുകയുള്ളു. വഖഫ് ബോര്‍ഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം.
ഭേദഗതി പ്രകാരം ഭൂമി വഖഫില്‍ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡിന് നഷ്ടമാകും. പകരം വസ്തുവിന്റെ സര്‍വേ ഉത്തരവാദിത്തം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. നിലവില്‍ ഭൂരിപക്ഷം വഖഫ് ബോര്‍ഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാല്‍ പുതിയ ബില്ല് നിയമമാകുന്നതോടെ സര്‍ക്കാരിന് മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോര്‍ഡുകളില്‍ നിന്നും ട്രൈബ്യൂണലുകളില്‍ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.